കളമശേരി: സംഘർഷത്തിനിടെ കൈ ഒടിച്ചെന്ന ആരോപണവുമായി കുസാറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ.
മൂന്ന് ദിവസമായിട്ടും സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. പരിക്കേറ്റ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ എം. സോമൻ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ദീപാവലി ദിനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നിൽ വച്ച് എസ്എഫ്ഐ ക്കാരായ നാലംഗ സംഘത്തെ ഓഫീസ് അവധിയായതിനാൽ തടഞ്ഞു.
മതിൽ ചാടിയെത്തിയ ഇവരെ കെട്ടിടത്തിന് മുന്നിലെ ഗ്രിൽ അടച്ച് തടയാൻ വീണ്ടും ശ്രമിച്ചു. ഇതിനിടയിൽ പെട്ട് കൈ ഒടിഞ്ഞെന്നാണ് സോമൻ ഡ്യൂട്ടി റിപ്പോർട്ട് നൽകിയത്.
എന്നാൽ സംഭവം നടന്നപോൾ തന്നെ ഇരുകൂട്ടരും പരസ്പരം പറഞ്ഞ് തീർത്ത വിഷയമാണെന്ന് കളമശേരി സിഐ സന്തോഷ് അറിയിച്ചു.
പരാതിയില്ലെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞതാണെന്നും സിഐ അറിയിച്ചു. നടപടിയെടുത്തില്ലെന്ന ആക്ഷേപവുമായി സെക്യൂരിറ്റി ജീവനക്കാരിപ്പോൾ രംഗത്ത് വന്നതെന്താണെന്ന് അറിയില്ലെന്ന് പോലീസ് വിശദമാക്കി.
ഈ സമയത്ത് വൈസ്ചാൻസലർ ഡോ. കെഎൻ. മധുസൂദനൻ, പ്രോ വൈസ്ചാൻസിലർ ഡോ. പി.ജി. ശങ്കരനും ഓഫിസിലെത്തിയിരുന്നു.
ഗവർണർ രാജി ആവശ്യപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് രേഖകൾ തയാറാക്കാനാണ് ഇരുവരും എത്തിയിരുന്നത്.