തലയോലപ്പറന്പ്: ബ്രഹ്മമംഗലം ഏനാദി പുഷ്പമംഗലത്ത് അഭിലാഷിന്റ വീട്ടിൽ നിന്നും 12 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ച വെസ്റ്റ് ബംഗാൾ സ്വദേശിയെ കുടുക്കിയതിനു പിന്നിൽ പോലീസിന്റ തന്ത്രം.
അഭിലാഷിന്റ വീട്ടിലെ സ്വർണം അപഹരിക്കപ്പെട്ടെന്ന പരാതി ലഭിച്ചപ്പോൾ തന്നെ വീടുമായി അടുത്തിടപഴകിയ ആളാകും മോഷ്ടാവെന്ന നിഗമനത്തിലായിരുന്നു പോലീസ് .
അഭിലാഷിന്റെ വീടുമായി ഏറെ സഹകരിച്ചു പോരുന്നവരും വീടു പണിക്കായി വന്നവരും സംശയമുനയിലാകുകയും ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളികളിൽ വെസ്റ്റ് ബംഗാളിൽ നിന്നു വന്ന മുഫർജൽ മൊണ്ടേല സ്വർണാഭരണം മോഷണം പോയ ശേഷം രണ്ടു ദിവസം പണിക്കു വന്നില്ലെന്ന കാര്യം പോലീസിന്റ ശ്രദ്ധയിൽപ്പെട്ടു.
ഒരു മാസം മുന്പാണിയാൾ വെസ്റ്റ് ബംഗാളിൽ നിന്നും വന്ന് അരയങ്കാവ് ഭാഗത്ത് വാടകയ്ക്ക് താമസിച്ചു മെയ്ക്കാഡ് പണിക്ക് പോയി തുടങ്ങിയത്.
ഇയാളെ അഭിലാഷിന്റ വീട്ടിൽ പണിക്ക് നിയോഗിച്ച കരാറുകാരന്റ അടുത്തെത്തി മുഫർജൽ തനിക്ക് അത്യാവശ്യമായി നാട്ടിൽ പോകണമെന്നും തിരിച്ചറിയൽ രേഖകൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ പോലീസിന്റ സംശയം ബലപ്പെട്ടു.
പോലീസ് തന്ത്രപരമായി ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റ ചുരുൾ അഴിഞ്ഞത്. ബംഗാൾ നാദിയ ജില്ല സ്വദേശിയായ മുഫർജൽ മൊണ്ടേലി(30)ന്റെ താമസ സ്ഥലത്തു നിന്നു 12 പവൻ സ്വർണാഭരണങ്ങളും കണ്ടെടുത്തതോടെ മുഫർജല്ലിനെ അറസ്റ്റുചെയ്തു.
എസ്ഐ മാരായ പി. എസ്. സുധീരൻ , ടി.ആർ.ദീപു , ദീപ ചന്ദ്ര, സീനിയർ സിവിൽ പോലീസ് ഓഫീസർ പി. പ്രിയ തുടങ്ങിയവരെുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.