കൊച്ചി: നീതി വൈകുന്നുവെന്ന പരാതിയുമായി ഹൈക്കോടതിക്കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അനുനയിപ്പിച്ചു താഴെയിറക്കി.
മാനസിക വിഭ്രാന്തി കണ്ടതിനെത്തുടര്‍ന്ന് ഇയാളെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം കൗണ്‍സലിംഗ് നല്കി ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഭാര്യയുമായി പിണങ്ങി മാറിത്താമസിക്കുന്ന ചേരാനെല്ലൂര്‍ സ്വദേശിയായ ടിനു ആന്റണി (43)യാണു ഹൈക്കോടതിക്കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി പരിഭ്രാന്തി പരത്തിയത്.
എറണാകുളം സെന്‍ട്രല്‍ സിഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ അനുനയത്തിലൂടെ പിന്തിരിപ്പിക്കുകയായിരുന്നു.
എറണാകുളം കുടുംബക്കോടതിയില്‍ ഇവരുടെ വിവാഹ മോചനക്കേസ് നടക്കുകയാണ്. ഓരോ തവണയും കേസ് മാറ്റിവയ്ക്കുന്നതില്‍ ടിനു അസ്വസ്ഥനായിരുന്നു.
ഇത്തവണയും അതുണ്ടായതാണു പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം. ഭാര്യക്കൊപ്പം കഴിയുന്ന കുട്ടികളെ കാണാന്‍ കഴിയാത്തതിന്റെ മനോവിഷമവും ടിനുവിനെ അലട്ടിയിരുന്നു.
മാനസികരോഗത്തിനു മരുന്ന് കഴിക്കുന്ന ആളാണു ടിനു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ടിനുവിന് ഡോക്ടര്‍മാര്‍ മാനസികാരോഗ്യ ചികിത്സ വിധിച്ചു.
കൗണ്‍സലിംഗിന് സൗകര്യം ഒരുക്കണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് ഇയാള്‍ക്ക് എറണാകുളം സെന്‍ട്രല്‍ സിഐയുടെ സാന്നിധ്യത്തില്‍ കൗണ്‍സലിംഗ് നല്‍കിയശേഷം ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.