ഏറ്റവും വര്‍ണോജ്ജ്വലമായ ആഘോഷമാണ് ദീപാവലി. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു മാത്രമല്ല പടക്കങ്ങളും പൂത്തിരികളും കത്തിച്ചുമാണ് ആളുകള്‍ ദീപാവലി ആഘോഷിക്കുന്നത്.
കുട്ടിക്കാലത്തെ ഒരു ദീപാവലി ദിനം ഓര്‍ത്തെടുക്കുകയാണ് നടി രാകുല്‍ പ്രീത് സിങ്. ഇക്കഴിഞ്ഞ ദീപാവലിക്ക് ഒരഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
താന്‍ പടക്കങ്ങള്‍ ഉപയോഗിക്കാറില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു നടി തുടങ്ങിയത്. കുട്ടിയായിരുന്നപ്പോഴുണ്ടായ ഒരനുഭവമാണ് താന്‍ ഇന്നും പടക്കങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ കാരണമെന്ന് താരം വിശദീകരിക്കുകയും ചെയ്തു.
ഇതേക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…’ഒരിക്കല്‍ പടക്കങ്ങളും മറ്റും കത്തിച്ച് ദീപാവലി ആഘോഷിക്കുമ്പോള്‍ അച്ഛന് അടുത്ത് വന്ന് അഞ്ഞൂറ് രൂപ നോട്ട് കത്തിച്ച് കളയാനായി പറഞ്ഞു. അന്ന് നിര്‍ത്തിയതാണ് പടക്കം പൊട്ടിച്ചുള്ള ദീപാവലി ആഘോഷിക്കല്‍’ -രാകുല്‍ പ്രീത് സിങ് വ്യക്തമാക്കി.
അന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുകയായിരുന്ന താരം. അങ്ങനെ ഒന്‍പതാം വയസ്സിലാണ് അവസാനമായി താന്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച് ആഘോഷിച്ചതെന്ന് നടി ഓര്‍ത്തെടുത്തു.
‘ അത് മറക്കാനാകാത്ത ഒരു ദീപാവലിയായിരുന്നു. അഞ്ഞൂറ് രൂപ നോട്ട് കത്തിച്ച് കളയാനായി പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. പക്ഷേ അച്ഛനെന്നോട് പറഞ്ഞത് ‘ നീ പടക്കങ്ങള്‍ വാങ്ങുന്നു, പൊട്ടിക്കുന്നു. പണം കത്തിച്ച് കളയുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. അതിന് പകരം മിഠായി വാങ്ങി ആവശ്യമുള്ളവര്‍ക്ക് കൊടുക്കാമല്ലോ’ എന്നാണ്.
‘അന്നെനിക്ക് ഒന്‍പതോ പത്തോ വയസ്സ് പ്രായം കാണും. ഞങ്ങള്‍ കടയില്‍ പോയി മിഠായി വാങ്ങി പാവങ്ങള്‍ക്ക് വിതരണം ചെയ്തു. അന്നെനിക്ക് തികച്ചും വ്യത്യസ്തമായാണ് സന്തോഷം അനുഭവപ്പെട്ടത്. പിന്നീട് പടക്കങ്ങള്‍ വാങ്ങി പൊട്ടിച്ചിട്ടേയില്ല’ താരം ഓര്‍മകള്‍ അയവിറക്കുന്നു.
അനുഭൂതി കശ്യപിന്റെ ‘ഡോക്ടര്‍ ജി’ എന്ന ചിത്രത്തിന് ശേഷം, ഇന്ദ്ര കുമാറിന്റെ ‘താങ്ക് ഗോഡ്’ ആണ് രാകുല്‍ പ്രീത് സിങ് അഭിനയിച്ച ചിത്രം. ഇത് ഒക്ടോബര്‍ 25ന് തിയ്യേറ്ററിലെത്തിയിരുന്നു.