തിരുവല്ല: താലൂക്ക് ആശുപത്രിയില്‍ എത്തിയ രോഗിയോട് ഡോക്ടര്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന് പരാതി. സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി ഉത്തരവിട്ടു.
തിരുവല്ല സ്വദേശിനിയായ സ്ത്രീ കഴിഞ്ഞ 11നാണ് ആശുപത്രിയില്‍ കാലിനു വേദനയുമായി ഡോക്ടറെ കാണാന്‍ എത്തിയത്. വീട്ടുജോലിക്കിടെ കാലിനു പരിക്കേറ്റതിനേ തുടര്‍ന്നാണ് രോഗി എത്തിയത്.
അസ്ഥി വിഭാഗത്തിലെ ഡോക്ടര്‍ പരിശോധിച്ച ശേഷം കാല് ഉപ്പുവെള്ളത്തില്‍ മുക്കിവയ്ക്കാന്‍ നിര്‍ദേശിച്ചുവെന്നാണ് പരാതി.
എക്സറേയും ഒപി ചീട്ടും അടക്കം ഡോക്ടര്‍ വലിച്ചെറിഞ്ഞു എന്നും രോഗിയുടെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചു.കാലിലെ വേദന കുറവില്ലാതെ മറ്റൊരു അസ്ഥി ഡോക്ടറെ കാണിച്ചപ്പോള്‍ കാലിന് ഒടിവുള്ളതായി കണ്ടെത്തി.
തുടര്‍ന്ന് രോഗിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലില്‍ ശസ്ത്രക്രിയയും നടത്തി. എന്നാല്‍ രോഗിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നും എക്സറേയും ഒപി ചീട്ടും അടക്കം വലിച്ചെറിഞ്ഞുവെന്ന ആരോപണം ഡോക്ടര്‍ നിഷേധിച്ചതായും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മന്ത്രി വീണാ ജോർജ് നിർദേശിച്ചു.