സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചതുമായി ബന്ധപ്പെട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും.
ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയച്ചിട്ടുണ്ട്. അതേസമയം തങ്ങള്‍ക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മെഡിക്കല്‍ കോളജ് അധികൃതര്‍.മരുന്ന് മാറി കുത്തിവച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചത്.
ടെസ്റ്റ് ഡോസ് എടുത്ത ശേഷമാണ് യുവതിക്ക് ഇന്ജക്ഷന് നല്‍കിയത്.ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന് മാറിയിട്ടില്ലെന്നും ക്രിസ്റ്റലിന് പെനിസിലിന് എന്ന മരുന്നാണ് കുത്തിവച്ചതെന്നും സൂപ്രണ്ട് വ്യക്തമാക്കി.കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്.
കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമാണ് സിന്ധു മരിച്ചതെന്ന് കാണിച്ച് ഭര്‍ത്താവ് രഘു ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
വലിയ ആരോഗ്യ പ്രശ്നങ്ങളില്ലാതെ ആശുപത്രിയില്‍ നിന്ന് മടങ്ങാനിരുന്ന യുവതിക്കാണ് മരണം സംഭവിച്ചത്. നഴ്സിനു പറ്റിയ പിഴവാണിതെന്നാണ് ആരോപണം.
നഴ്സ് തുടര്‍ച്ചയായി രണ്ട് ഇന്ജക്ഷന് നല്‍കിയെന്നും അതു കഴിഞ്ഞയുടന്‍ യുവതിയുടെ ശരീരം തളരുകയുമായിരുന്നുവെന്നാണ് ഭര്‍ത്താവ് രഘു പറയുന്നത്.
അല്പസമയം കഴിഞ്ഞപ്പോള്‍ ശരീരം നീലിക്കുന്ന അവസ്ഥയിലെത്തി. വായില്‍ നിന്ന് നുരയും പതയും വന്നു. ഡെങ്കിപ്പനി സംശയിച്ച് ബുധനാഴ്ചയാണ് സിന്ധുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ക്വാഷാലിറ്റിയില്‍ പ്രവേശിപ്പിച്ചത്.പരിശോധനയില്‍ ഡെങ്കിപ്പനി ഇല്ലെന്ന് കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.