നെന്മാറ: സമൂഹമാധ്യമത്തിൽ സ്കൂട്ടർ കൊടുക്കാനുണ്ടെന്ന പരസ്യത്തിൽ വാങ്ങാനുള്ള ശ്രമത്തിൽ നെന്മാറയിലെ വ്യാപാരിയ്ക്ക് 21,000 രൂപ നഷ്ടമായി. നെന്മാറ വല്ലങ്ങിയിലെ വ്യാപാരിയായ മാത്തുക്കുട്ടിക്കാണ് തുക നഷ്ടമായത്.
ഫേസ് ബുക്കിൽ സ്കൂട്ടറിന്റെ ചിത്രസഹിതം വിൽപനയ്ക്ക് എന്നു കണ്ട് അതിൽ കൊടുത്ത നന്പറിൽ ബന്ധപ്പെടുകയായിരുന്നു.
പട്ടാളക്കാരനാണെന്ന് പരിചയപ്പെടുത്തി ഹിന്ദി സംസാരിക്കുന്നയാളാണ് സ്കൂട്ടർ വിൽപനയ്ക്ക് പരസ്യം നൽകിയതെന്ന് വ്യാപാരി പറഞ്ഞു.
മലപ്പുറം രജിസ്ട്രേഷനിലുള്ള സ്കൂട്ടറിന്റെ ചിത്രങ്ങളും വണ്ടിയുടെ രജിസ്ട്രേഷൻ രേഖകളും, വിൽപന നടത്തുന്നയാളുടെ തിരിച്ചറിൽ രേഖകളും ഫോട്ടോയും ഉൾപ്പെടെയുള്ളവ വാട്ട്സ്ആപ്പിലൂടെ അയച്ചു നൽകി.
അയച്ചുതന്ന രേഖകളിൽ വിശ്വസിച്ച് സ്കൂട്ടറിന് 18,000 രൂപ വില ഉറപ്പിച്ചു അഡ്വാൻസായി 4000 രൂപ ഇദ്ദേഹം തുക ഗൂഗിൾ പേ മുഖാന്തിരം അയച്ചുകൊടുത്തു.
പിന്നീട് വാഹനം പാർസൽ ചെയ്യുന്നതിന്റെയും പട്ടാളട്രക്കിൽ കയറ്റുന്നതിന്റെയും ചിത്രം അയച്ചുകൊടുത്ത് വാഹനത്തിന്റെ ബാക്കി തുക കൂടി അയക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പാർസൽ ബിൽ കൂടി വാട്ട്സ്ആപ്പിലൂടെ അയച്ചു കിട്ടിയതോടെ സത്യമാണെന്ന് വിശ്വസിച്ച് ബാക്കി 14,000 രൂപ കൂടി നൽകുകയായിരുന്നു.
പാർസൽ ചെയ്ത് ആഴ്ചകൾ കഴിഞ്ഞിട്ടും കിട്ടാതായപ്പോൾ ഇവരുമായി ബന്ധപ്പെട്ടപ്പോൾ വാഹനം തൃശൂർ പട്ടിക്കാട് എത്തിയിട്ടുണ്ടെന്നും ഡെലിവറി ചാർജായി 8000 രൂപ കൂടി നൽകണമെന്നും വീണ്ടും ആവശ്യപ്പെട്ടു.
തരാൻ കഴിയില്ലെന്ന് അറിയിച്ചതോടെ 4000 രൂപയെങ്കിലും നൽകി കൈപ്പറ്റാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് 4000 രൂപ അയച്ചുനൽകിയെങ്കിലും വാഹനം കിട്ടിയില്ല.
ഇതോടെ മറ്റൊരാളുടെ നന്പറിൽ നിന്ന് വീണ്ടും വാഹനം വാങ്ങാനെന്ന രീതിയിൽ ബന്ധപ്പെട്ടതോടെ ഇതേ ചിത്രങ്ങൾ തന്നെ അവർക്കും അയച്ചു നൽകിയതോടെയാണ് തട്ടിപ്പ് മനസിലായത്.
ഇതേ തുടർന്ന് തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായി കാണിച്ച് പാലക്കാട് സൈബർ സെല്ലിൽ വ്യാപാരി പരാതി നൽകി.