കോട്ടയം: വർക്കലയിലെ ആത്മീയ കേന്ദ്രത്തിലെത്തിയ തിരുവനന്തപുരം സ്വദേശിയെ തട്ടിക്കൊണ്ടു വന്നു മർദ്ദിച്ച് അവശനാക്കിയശേഷം കോട്ടയത്ത് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിനു പിന്നിൽ ആത്മീയ കേന്ദ്രത്തിലെ സാന്പത്തിക വിഷയവുമായി ബന്ധപ്പെട്ട വിഷയമെന്നു സൂചന.
തിരുവനന്തപുരം ചെന്പഴന്തി പുതുവൽപുത്തൻവീട്ടിൽ മണികണ്ഠപ്രസാദി(51)നാണു മർദ്ദനമേറ്റത്.ചൊവ്വാഴ്ച രാത്രി പത്തിന് മണികണ്ഠപ്രസാദുവായി കാറിൽ കോട്ടയത്തെത്തിയ അഞ്ചുപേർ ശാസ്ത്രിറോഡിൽ വഴിയിൽ തള്ളിയിട്ട് കടന്നുകളയുകയായിരുന്നു.
അവശനിലയിൽ കോട്ടയം വടവാതൂരിലെ സുഹൃത്തിന്റെ വീട്ടിൽ എത്തിയ മണികണ്ഠപ്രസാദിനെ സുഹൃത്തുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ഒരു യോഗത്തിൽ പങ്കെടുക്കാൻ മണികണ്ഠപ്രസാദ് വർക്കലയിലെത്തിയത്. മൂന്നോടെ ഒരുസംഘം ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി അജ്ഞാതകേന്ദ്രത്തിലെത്തിച്ചു മർദ്ദിക്കുകയായിരുന്നെന്ന് മണികണ്ഠപ്രസാദ് പോലീസിനോട് പറഞ്ഞു.
കന്പിവടിയും മറ്റും ഉപയോഗിച്ചായിരുന്നു മർദ്ദനം. ശരീരമാസകലം അടിയേറ്റ പാടുകളുണ്ട്.മണികണ്ഠപ്രസാദിന്റെ ഫോണ് കൈക്കലാക്കിയ സംഘം ഇതിൽനിന്ന് സമൂഹമാധ്യമങ്ങളിലൂടെ ചില സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നും പറയുന്നു.
അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചില സൈബർ പോസ്റ്റുകളുടെ പേരിലാണു മർദ്ദനമെന്നാണ് സൂചന. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചതിനെതുടർന്ന് വർക്കല പോലീസ്, മണികണ്ഠപ്രസാദിനെ ഫോണിൽ വിളിച്ചു വിവരങ്ങൾ ശേഖരിച്ചു.