മാറോടണച്ചത് സ്വന്തം കുഞ്ഞിനെ പോലെ, രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ മുലയൂട്ടി..! ചേവായൂർ പോലീസ്റ്റ് സ്റ്റേഷനിലെ സി.പി രമ്യ പറയുന്നു…. 

റു മാസങ്ങൾക്ക് മുമ്പാണ് ചേവായൂർ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസർ രമ്യ മറ്റേണിറ്റി ലീവ് കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിച്ചത്.

ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വീട്ടിൽ ഏൽപ്പിച്ചാണ് വീണ്ടും കാക്കി അണിഞ്ഞത്. എന്നാൽ രമ്യയെ കാത്തിരുന്നത് മറ്റൊരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ദൗത്യമായിരുന്നു.

അച്ഛനും മുത്തശ്ശിയും ചേർന്ന് കടത്തിക്കൊണ്ടുപോയ 12 ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ പകർന്നുനൽകിയാണ് അവർ മാതൃത്വത്തെ വീണ്ടും മഹത്തരമാക്കിയത്.

ആ കഥ ഇങ്ങനെ: കോഴിക്കോട് പൂളക്കടവിൽ അച്ഛനും മുത്തശ്ശിയും കൂടി അമ്മയിൽനിന്ന് തട്ടിയെടുത്ത് ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടു പോയ കുഞ്ഞിനെ ബത്തേരിയിൽനിന്ന് പോലീസ് സംഘം കണ്ടെത്തുമ്പോൾ കണ്ണുകൾ പാതി അടഞ്ഞുതുടങ്ങിയിരുന്നു.

മണിക്കൂറുകളോളം പാൽ കുടിക്കാതിരുന്നതിനാൽ കുഞ്ഞ് ആകെ ക്ഷീണിച്ചിരുന്നു. ആ സമയത്ത് പോലീസ് സംഘത്തിലുണ്ടായിരുന്ന രമ്യ രണ്ടാമതൊന്ന് ആലോചിക്കാതെ കുഞ്ഞിനെ മുലയൂട്ടി. 

‘ഞങ്ങൾ അവിടെ എത്തുമ്പോൾ കുഞ്ഞ് കരയുകയായിരുന്നു. ഞാൻ എടുത്ത് മാറോട് അണച്ചപ്പോഴേക്കും കരച്ചിൽ മാറ്റി.

ആകെ തളർന്ന അവസ്ഥയിലായിരുന്നു. ആ സമയത്ത് എന്റെ കുഞ്ഞുങ്ങളേയാണ് ഓർമ വന്നത്. ഡോക്ടറും സമ്മതം മൂളിയതോടെ ഞാൻ പാലുകൊടുത്തു.

കുഞ്ഞ് പതുക്കെ ഉഷാറാകാൻ തുടങ്ങി.’ അച്ഛനും മുത്തശ്ശിയും ചേർന്ന് കടത്തിക്കൊണ്ടുപോയ 12 ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകിയ ചേവായൂർ പോലീസ്റ്റ് സ്റ്റേഷനിലെ സി.പി രമ്യ പറയുന്നു. 

ജോലിയിൽ കയറിയ ശേഷം ഇത്രയും സംതൃപ്തിയോടെ ഉറങ്ങിയ ദിവസമുണ്ടായിട്ടില്ല. ആ സംഭവം നടന്ന ദിവസം രാവിലെ മുതൽ ടെൻഷനിലായിരുന്നു.

12 ദിവസം പ്രായമുള്ള കൊച്ചു കുഞ്ഞിനെ അല്ലേ കാണാതായത്. കുഞ്ഞിനെ കണ്ടെത്തി അമ്മയുടെ കൈയിൽ ആരോഗ്യത്തോടെ തിരിച്ചേൽപ്പിച്ചപ്പോഴാണ് സമാധാനമായത്.’-

രമ്യ കൂട്ടിച്ചേർക്കുന്നു. നന്തി ചിങ്ങപുരം കിഴക്കേ നൊട്ടിക്കണ്ടി മാധവന്റേയും രതീദേവിയുടേയും മകളാണ് രമ്യ. അശ്വന്ത് എന്നാണ് ഭർത്താവിന്റെ പേര്. അഞ്ചും ഒന്നും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങളാണ് രമ്യക്കുള്ളത്. 

12 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയപ്പോൾ…

കുടുംബവഴക്കിനെ തുടർന്നാണ് ആദിൽ എന്ന യുവാവ് ഭാര്യ ആഷിഖയുടെ അടുക്കൽനിന്ന് കുഞ്ഞിനെ കടത്തിക്കൊണ്ടു പോയത്.

തുടർന്ന് ആഷിഖ ചേവായൂർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ഒക്ടോബർ 22-ന് രാവിലെയായിരുന്നു ഈ സംഭവം. രാത്രിയോടെ ആദിലിനെ കണ്ടെത്തിയ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 

‘എസ്.ഐ സാറിന്റെ നേതൃത്തിൽ ഞങ്ങൾ പൂളക്കടവിൽ എത്തുമ്പോഴേക്കും അവർ കുഞ്ഞുമായി സ്ഥലം വിട്ടിരുന്നു. തുടർന്ന് സ്റ്റേഷനിലുള്ള പോലീസുകാർ പല വഴിയായി അന്വേഷിക്കാൻ തുടങ്ങി.

ചെറിയ കുഞ്ഞാണ് എന്നതും പാല് കുടിച്ചിട്ട് മണിക്കൂറുകളായി എന്നതും ഞങ്ങളെ ആശങ്കപ്പെടുത്തി. കുട്ടിയുടെ അച്ഛന്റെ ഫോൺ സ്വിച്ച് ഓഫ് ആയതും തിരിച്ചടിയായി.

അമ്മയോട് സംസാരിക്കുന്നതിനിടയിൽ അച്ഛന് ബെംഗളൂരാണ് ജോലി എന്ന് മനസിലായി. ഇതോടെ ആ വഴിക്ക് അന്വേഷണം തിരിച്ചുവിടുകയായിരുന്നു. സുൽത്താൻ ബത്തേരിയിൽനിന്ന് അവരെ കണ്ടെത്തുകയും ചെയ്തു.

ഇതോടെ കുഞ്ഞിനെ തിരിച്ചുകൊണ്ടു വരാനായി ഒരു സംഘം ബത്തേരിയിലേക്ക് യാത്ര തിരിച്ചു. അതിൽ ഞാനും ഉണ്ടായിരുന്നു. പോകുന്നതിന് മുമ്പ് ഞാൻ വീട്ടിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.

എന്റെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ വിഷമിക്കേണ്ടെന്നും അവരെ നോക്കിക്കോളാമെന്നും ഭർത്താവും വീട്ടുകാരും പറഞ്ഞു. 

കൽപ്പറ്റയിലെ ആശുപത്രിയിൽ എത്തുമ്പോഴേക്കും രാത്രിയായിരുന്നു. കുട്ടിയെ പരിശോധിച്ചപ്പോൾ ഷുഗർ ലെവൽ കുറവാണെന്ന് മനസിലായി. ഇതു നോക്കാനായി കുഞ്ഞിന്റെ കാലിൽ കുത്തിയപ്പോൾ കരഞ്ഞു.

ഇതോടെ ഞാൻ എടുത്ത് മാറോടണയ്ക്കുകയായിരുന്നു. അതോടെ കരച്ചിൽ മാറ്റുകയും ചെയ്തു. എന്റെ കുഞ്ഞിനെ കൈയിൽ എടുത്തതുപോലെയാണ് എനിക്ക് തോന്നിയത്.

ഉടനെത്തന്നെ ഞാൻ മുലയൂട്ടുന്ന അമ്മയാണെന്ന് ഡോക്ടറെ അറിയിച്ചു. കുഞ്ഞിന് പാല് കൊടുക്കട്ടെ എന്ന് ചോദിച്ചു. ഡോക്ടർ സമ്മതിച്ചു. 

ആ സമയത്ത് കുഞ്ഞിന് പാല് കൊടുക്കാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല അമ്മ ആഷിഖ. കുഞ്ഞിനെ കാണാതായതു മുതൽ ആഹാരം കഴിക്കാത്തതിനാലും ബ്ലീഡിങ് ഉള്ളതിനാലും അവർ അവശയായിരുന്നു. ഇതോടെയാണ് ഞാൻ മുലയൂട്ടാൻ തീരുമാനിച്ചത്- രമ്യ പറഞ്ഞു.

ആ ദിവസം ഓർക്കുമ്പോഴും ഇപ്പോഴും എന്റെ മനസിൽ സന്തോഷം നിറയും. കുഞ്ഞിനെ കൈമാറുമ്പോൾ ആ അമ്മ ഒരുപാട് നന്ദി പറഞ്ഞു.

കഴിഞ്ഞ ദിവസവും കുഞ്ഞിന്റെ വിവരം അന്വേഷിച്ച് ഞാൻ അവരെ വിളിച്ചുനോക്കിയിരുന്നു. അവൻ പൂർണാരോഗ്യം വീണ്ടെടുത്തിട്ട് വീണ്ടും കാണാൻ ചെല്ലുമെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്.’ രമ്യ കൂട്ടിച്ചേർത്തു. 

Related posts

Leave a Comment