കൊച്ചി: ഇലന്തൂരില്‍ നരബലിക്കിരയായി ഒരുമാസം പിന്നിട്ടിട്ടും സംസ്കാരത്തിനായി മൃതദേഹം വിട്ട് കിട്ടാനായുള്ള പത്മയുടെ കുടുംബത്തിന്റെ കാത്തിരിപ്പ് നീളുന്നു.
സെപ്റ്റംബര്‍ 26 നാണ് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്കൊപ്പം എറണാകുളത്തുനിന്നും പത്മ ഇലന്തൂരിലേക്ക് പോയത്.
പിന്നീട് ഇവര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയാണ് കുടുംബം അറിഞ്ഞത്. നരബലിയുടെ ഭാഗമായി 56 കഷ്ണങ്ങളായാണ് പത്മയുടെ ശരീരം വെട്ടിനുറുക്കിയതെന്നാണ് പോലീസ് കോടതിയില്‍ വ്യക്തമാക്കിയത്.
സംഭവത്തിനു പിന്നാലെ തമിഴ്നാട്ടില്‍ നിന്നും കൊച്ചിയിലെത്തിയ പത്മയുടെ മകന് മതാചാരപ്രകാരം സംസ്കാരം നടത്തുന്നതിന് മൃതദേഹം ആവശ്യപ്പെട്ടെങ്കിലും ഇനിയും ഈ കാര്യത്തില്‍ നടപടി ആയിട്ടില്ല.
ഇലന്തൂരില്‍ നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലണ് സൂക്ഷിച്ചിരിക്കുന്നത്.
ഡിഎന്‍എ ഫലം ലഭിക്കാത്തതിനാലാണ് മൃതദേഹം വിട്ടുകൊടുക്കുന്നതിന് കാലതാമസം നേരിടുന്നതെന്നാണ് ബന്ധുക്കള്‍ക്ക് ഔദ്യോഗികമായി ലഭിക്കുന്ന മറുപടി.
നരബലിക്കിരയായ കാലടി സ്വദേശിനി റോസ്ലിന്റേതെന്നു സംശയിക്കുന്ന മൃതദേഹവും ഇലന്തൂരിലെ വീട്ടുവളപ്പില്‍ നിന്നും പോലീസിനു ലഭിച്ചിരുന്നു.
അഞ്ചുഭാഗങ്ങളായിട്ടായിരുന്നു ഇത്. ഇവയുടെ പരിശോധനാ നടപടികളും പുരോഗമിക്കുകയാണ്.
രണ്ട് ശരീരഭാഗങ്ങളിലും പത്മയുടെയും റോസിലിന്റെയും ഏതെന്നു ഉറപ്പിക്കേണ്ടതുണ്ട് അന്വേഷണസംഘത്തിന്.
വൈകാതെ ശാസ്ത്രീയ പരിശോധനകളടക്കം പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.