ഉപ്പുതറ: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. ഉപ്പുതറ കാക്കത്തോട് മേട്ടുംഭാഗം മുകളേൽ ബിനു(40)ആണ് പിടിയിലായത്.
പുല്ലുമേട്ടിലുള്ള ഏലത്തോട്ടത്തിലെ തൊഴിലാളിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.
കെട്ടിടനിർമാണത്തൊഴിലാളിയായ പ്രതി ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ യുവതിയുടെ വീട്ടിലെത്തി വെള്ളം ചോദിച്ചു.
വെള്ളം എടുക്കാൻ വീടിനുള്ളിലേക്ക് കയറിയ യുവതിയെ പിന്നാലെയെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് സമീപത്ത് ജോലിചെയ്യുന്ന തൊഴിലാളികൾ എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു.
യുവതി ഉപ്പുതറ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഉപ്പുതറ സി ഐ ഇ.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.