ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലും ഇന്റർനെറ്റിലും ഹിതകരമല്ലാത്ത ഉള്ളടക്കങ്ങൾക്കെതിരേ കേന്ദ്രസർക്കാരിന്റെ കുരുക്ക്.
“പക്ഷി സ്വതന്ത്രമായി’ എന്ന വാചകത്തോടെ ട്വിറ്ററിനെ കൂടുതൽ സ്വതന്ത്രമാക്കുമെന്നു ശതകോടീശ്വരനായ പുതിയ ഉടമ ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യ പിടിമുറുക്കിയത്.
വാർത്താ ചാനലുകളടക്കം മാധ്യമങ്ങൾക്കു നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിലെ ഉള്ളടക്കത്തിലും നിയന്ത്രണത്തിന് ഐടി ചട്ടങ്ങൾ ഭേദഗതി ചെയ്തത്.
വെറുപ്പ്, വിദ്വേഷം, വർഗീയത, രാജ്യവിരുദ്ധം, അശ്ലീലം, അപകീർത്തി തുടങ്ങിയവ മുതൽ തെറ്റായ വിവരങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അക്കൗണ്ടുകൾ എന്നിവ ഉൾപ്പെടെയുള്ളവ സർക്കാർ നിർദേശിച്ചാൽ നീക്കം ചെയ്യാൻ പുതിയ നിയമഭേദഗതിയോടെ സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളും ഇന്റർനെറ്റ് സേവനദാതാക്കളും നിർബന്ധിതമാകും.
ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ് തുടങ്ങിയവയുടെ വരിക്കാരും മറ്റും നൽകുന്ന പരാതികളിൽ 72 മണിക്കൂറിനകം നടപടി വേണം.
സമൂഹമാധ്യമങ്ങളും മറ്റും നൽകുന്ന മറുപടിയും തീരുമാനങ്ങളും തൃപ്തികരമല്ലെങ്കിൽ ഉപഭോക്താവിന് പരാതി പരിഹാര സമിതിയിൽ അപ്പീൽ നൽകാനുള്ള സംവിധാനം മൂന്നുമാസത്തിനകം നിലവിൽ വരുമെന്ന് കേന്ദ്ര ഐടി, ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പരാതിപരിഹാരത്തിനുള്ള ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ (ജിഎസി) രണ്ടു സ്വതന്ത്ര അംഗങ്ങളും ഒരു സർക്കാർ പ്രതിനിധിയും ഉണ്ടാകും.
കൂടുതൽ ജിഎസികൾ പിന്നീടു രൂപീകരിക്കും. തുടർന്നു കോടതികളെ സമീപിക്കാനും പൗരന് അവകാശമുണ്ട്.
നിയമവിരുദ്ധമായ ഉള്ളടക്കമോ ചരക്കുകളെയും സേവനങ്ങളെയും കുറിച്ചു തെറ്റായ വിവരങ്ങളോ, വ്യക്തികളെയും സ്ഥാപനങ്ങളെയുംകുറിച്ച് അപകീർത്തികരമോ തെറ്റോ ആയ വിവരങ്ങളോ അപ്ലോഡ് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാൻ സേവനദാതാക്കളായ കന്പനികൾക്ക് ഉത്തരവാദിത്വമുണ്ട്.
പിഴ അടക്കമുള്ള നടപടികൾ തത്കാലം ഉണ്ടാകില്ലെങ്കിലും ആവശ്യമെങ്കിൽ അത്തരം നടപടികളും പിന്നീടു സ്വീകരിക്കും.
ഓണ്‍ലൈനായി പരാതി നൽകാനാകും. വൈകാതെ ഇന്ത്യയിൽ 120 കോടിയാളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാകും.