തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ അടിയേറ്റ് വനിതാ ഡോക്ടറുടെ കൈ ഒടിഞ്ഞു. സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍ സി എം ശോഭയ്ക്കാണ് രോഗിയുടെ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റത്.
എക്സ് റേ പരിശോധനയിലാണ് ഡോക്ടറുടെ കൈയ്ക്ക് ഒടിവ് സംഭവിച്ചെന്ന് വ്യക്തമായത്. പ്രതി വസീറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സര്‍ജറി ഒപിയില്‍ വൃക്കയിലെ കല്ലിന് ചികിത്സ തേടിയെത്തിയതായിരുന്നു ഇയാള്‍. എന്നാല്‍ രോഗവിവരങ്ങള്‍ ചോദിച്ചറിയുന്നതിനെ പ്രകോപിതനായ വസീര്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു.
അഡ്മിറ്റാകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതോടെയാണ് രോഗി അക്രമാസക്തനായത്. ഡോക്ടറുടെ കൈവശമുണ്ടായിരുന്ന പരിശോധന ഫലങ്ങള്‍ തട്ടിപ്പറിക്കുകയും ആക്രമിക്കുകയും ചെയ്ത ശേഷം വസീര്‍ അവിടെനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
തലയ്ക്ക് നേരെ വന്ന അടി തടുത്തപ്പോഴാണ് ഡോക്ടറുടെ കൈക്ക് പരുക്കേറ്റത്. ഡോക്ടര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കന്റോണ്‍മെന്റ് പൊലീസില്‍ ഡോക്ടര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് വസീറിനെ കസ്റ്റഡിയിലെടുത്തത്.
ഡ്യൂട്ടി സമയം കഴിഞ്ഞും ഭക്ഷണം പോലും കഴിക്കാതെ ജോലി ചെയ്യുമ്പോഴാണ് തനിക്കെതിരെ അക്രമമുണ്ടായതെന്ന് ഡോ. സി എം ശോഭ പറഞ്ഞു.
തന്നെ മര്‍ദ്ദിക്കുന്നതിന് അവിടെയുണ്ടായിരുന്ന രോഗികളും അവരുടെ ബന്ധുക്കളും ദൃക്സാക്ഷികളാണ്. ഇതിനെതിരേ കര്‍ശനമായ നടപടി ഉണ്ടാകണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു.