കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസിനിടെ ഫോണിലേക്ക് അശ്ലീല വീഡിയോ അയച്ചയാള്‍ക്കെതിരെ പരാതി നല്കിയ വിദ്യാര്‍ഥിനിയുടെ ദേഹപരിശോധന നടത്തണമെന്ന പോലീസ് നിര്‍ദേശം തള്ളി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍.
പെണ്‍കുട്ടിയുടെ ദേഹപരിശോധന നടത്തണമെന്ന നടക്കാവ് പോലീസിന്റെ നിര്‍ദേശമാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ. അക്ബര്‍ തള്ളിയത്.
പീഡന പരാതിയുള്ള പോക്സോ കേസിലാണ് ദേഹപരിശോധന നടത്തേണ്ടതെന്നും ഈ കേസില്‍ അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിശോധനകൾ എത്രയും വേഗം പൂർത്തിയാക്കി പെൺകുട്ടിയുടെ മൊബൈൽ ഫോൺ തിരികെ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു.
പരാതി കൊടുത്ത ഉടൻ പോലീസ് പരിശോധനയ്ക്കായി വാങ്ങിയ ഫോൺ ഇതുവരെ തിരികെ നൽകിയിട്ടില്ല.
കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ നാടക–ചലച്ചിത്ര പ്രവർത്തകന്റെ മകളാണു പരാതിക്കാരി.
കുട്ടിക്ക് 2021 ഒക്ടോബറിൽ പതിനേഴാം പിറന്നാളിന് പിതാവ് പുതിയ ഫോൺ വാങ്ങി നൽകിയിരുന്നു. ഓൺലൈൻ ക്ലാസുകൾക്ക് ഈ ഫോണാണ് ഉപയോഗിച്ചിരുന്നത്.
2022 ജനുവരി 23ന് രാത്രി പത്തരയോടെ പെൺകുട്ടിയുടെ ഫോണിൽ ടെലിഗ്രാം ആപ്പിൽ അജ്ഞാത നമ്പറിൽനിന്ന് 10 അശ്ലീല വിഡിയോകളും രണ്ട് ഫോട്ടോകളും വന്നു.
പിറ്റേന്നു തന്നെ പെൺകുട്ടി പിതാവിനൊപ്പം നടക്കാവ് സ്റ്റേഷനിലെത്തി പരാതി നൽകി.
പോക്സോ നിയമപ്രകാരം പോലീസ് ഉടൻ കേസെടുക്കുകയും പരിശോധനയ്ക്കായി ഫോൺ വാങ്ങിവയ്ക്കുകയും ചെയ്തു.
എന്നാൽ ശരീര പരിശോധന നടത്തണമെന്നു പോലീസ് നിർബന്ധിച്ചെങ്കിലും പരാതിക്കാരിയും പിതാവും വഴങ്ങിയില്ല.
ഫോണിലേക്ക് അശ്ലീല ദൃശ്യം വന്നതിനു ശരീരപരിശോധന എന്തിനാണെന്നു ചോദിച്ചതോടെ പരിശോധനയ്ക്കു തയാറല്ലെന്ന് എഴുതി വാങ്ങി ഇരുവരെയും പോലീസ് പറഞ്ഞുവിട്ടു.
പരാതി നൽകി പത്തുമാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടുപിടിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
ഒരു മാസത്തിനുശേഷം ഫോൺ തിരികെ ലഭിക്കാൻ പോലീസിനെ സമീപിച്ചെങ്കിലും കണ്ണൂരിലെ റീജിയണൽ ഫൊറൻസിക് ലാബിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നായിരുന്നു മറുപടി.
സ്റ്റേഷനിൽ എത്തി പലതവണ അന്വേഷിച്ചുവെങ്കിലും പോലീസ് ഫോൺ തിരികെ നൽകിയിരുന്നില്ല.