രാമപുരം: പാലാ – രാമപുരം – കൂത്താട്ടുകുളം റോഡില്‍ അമനകര കോണ്‍വെന്റിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുകളിലേക്ക് 11 കെവി പോസ്റ്റ് മറിഞ്ഞുവീണു.
42 യാത്രക്കാരുമായി വൈറ്റിലയില്‍നിന്നു മണ്ണടിശാലയിലേക്കു പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിന് മുകളിലേക്കാണ് പോസ്റ്റ് വീണത്. ഇന്നലെ വൈകുന്നേരം 4.20നായിരുന്നു അപകടം.
ഇലക്ട്രിക്ക് ലൈന്‍ താഴുന്നതു കണ്ട് ലൈനില്‍ ഇടിക്കാതിരിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് പോസ്റ്റ് ബസിന് മുകളിലേക്കു വീണതെന്ന് ഡ്രൈവര്‍ പമ്പാവാലി സ്വദേശി മേച്ചേരില്‍ എം.ടി. വിനോദ്കുമാര്‍ പറഞ്ഞു.
മഴ പെയ്തുകൊണ്ടിരുന്നതിനാല്‍ ബസിന്റെ ഷട്ടറുകള്‍ താഴ്ത്തിയിരിക്കുകയായിരുന്നു.പോസ്റ്റിന്റെ ക്രോസ് സ്ലാബ് തുളച്ച് ബസിന് അകത്ത് കയറിയപ്പോഴാണ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇലക്ട്രിക്ക് പോസ്റ്റാണ് വീണതെന്ന് മനസിലായത്. അപകടസമയത്ത് ലൈനില്‍ വൈദ്യുതി പ്രവഹിച്ചിരുന്നില്ല.
സിംഗിള്‍ ഫെയ്സ് ലൈനില്‍ വൈദ്യുതി പ്രവഹിച്ചിരുന്നെങ്കിലും ലൈനുകള്‍ കൂട്ടിയിടിച്ചപ്പോള്‍ ഡിസ്കണക്ടായി പോയെന്ന് കണ്ടക്ടര്‍ ചിറക്കടവ് സ്വദേശിയായ തടത്തില്‍ ജി.പി. പ്രശാന്ത് കുമാര്‍ പറഞ്ഞു.
പോസ്റ്റ് സ്ഥാപിച്ചതില്‍ വ്യാപകമായ ക്രമക്കേടാണ് കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കുഴിയെടുത്ത് പോസ്റ്റ് നാട്ടി കുറച്ച് കോണ്‍ക്രീറ്റ് മാത്രമേ പോസ്റ്റ് ഉറപ്പിക്കാനായി മുകള്‍ ഭാഗത്തായി ഇട്ടിട്ടുള്ളു. അടിഭാഗത്തേക്കു കോണ്‍ക്രീറ്റ് ഇല്ലായിരുന്നു.
രണ്ട് സ്റ്റേ കമ്പികള്‍ ഉണ്ടായിരുന്നെങ്കിലും അതിനും ബലമില്ലായിരുന്നു. പോസ്റ്റ് വീണപ്പോള്‍ത്തന്നെ സ്റ്റേ കമ്പികളും ചുവടോടെ പറിഞ്ഞു.
പാലായില്‍നിന്നും അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഷാജി പി. നായര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ടി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്സ് സംഘവും രാമപുരം പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.