കോഴിക്കോട്; നാദാപുരത്ത് റാഗിംഗിന്റെ പേരിലുള്ള മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. നാദാപുരം സ്വദേശി നിഹാല്‍ ഹമീദിന്റെ ഇടതു ചെവിയിലെ കര്ണപുടത്തിനാണ് ഗുരുതരമായി പരിക്കേറ്റത്.
കഴിഞ്ഞ മാസം 26നാണ് സംഭവം. നാദാപുരം എംഇടി കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികളുടെ 15 പേരടങ്ങുന്ന സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വസ്ത്രധാരണം സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്നാണ് മര്‍ദനം.
സംഭവത്തില്‍ ഹമീദിന്റെ ഇടതു ചെവിയുടെ കേള്‍വിശക്തി പൂര്‍ണമായി നഷ്ടപ്പെട്ടു. ഇയാളെ ശസ്ത്രിയയ്ക്ക് വിധേയനാക്കിയതിനുശേഷമേ കേള്‍വിശക്തി തിരികെ കിട്ടുമോ എന്ന കാര്യം പറയാനാകൂ.
അതേസമയം സംഭവത്തില്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ആരോപണം. ഇവിടെ റാഗിംഗ് നടന്നിട്ടുണ്ടോ എന്ന് ആന്റി റാഗിംഗ് സെല്ലിന്റെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ നാലു മാസത്തിനിടെ കോളജില്‍ പല തവണ റാഗിംഗ് നടന്നെങ്കിലും പ്രശ്നം ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കുകയായിരുന്നെന്നാണ് വിവരം. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കോളജില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ല.