ബിജു ഇത്തിത്തറ
കടുത്തുരുത്തി: വിദേശത്തുവച്ചു തുടങ്ങിയ നീണ്ട ആറ് വര്‍ഷത്തെ പ്രണയം സഫലമായ സന്തോഷത്തിലാണ് പെരുവ സ്വദേശിയായ മാത്യുവും മൊറോക്കോ സ്വദേശിനി കൗതര്‍ ഇമാമിയും ഇരുവരുടെയും കുടുംബാംഗങ്ങളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും.
പെരുവ തെക്കേക്കാലായില്‍ മാത്യൂസിന്റെ വധുവായിട്ടാണ് മൊറോക്കോ വംശജ കൗതര്‍ ഇമാമി കേരളത്തിന്റെ മണവാട്ടിയായി എത്തിയത്.
സൗദിയില്‍ ജോലി ചെയ്യുന്നതിനിടെ 2016 ല്‍ തുടങ്ങിയ പ്രണയമാണ് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ വിവാഹ ചടങ്ങിലൂടെ ഇരുവരും സാക്ഷാത്കരിച്ചത്.
അറ്റ്ലാന്റാ എയര്‍ലൈന്‍സില്‍ ജീവനക്കാരായ മാത്യൂസും ഇമാമിയും ജോലിക്കിടെയുള്ള പരിചയമാണ് പിന്നീട് പ്രണയമായത്.
കേരളത്തിന്റെ പാരമ്പര്യവും പ്രകൃതി ഭംഗിയും ടൂറിസം മേഖലയിലെ മികവും വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇമാമിയെ ആകര്‍ഷിച്ചിരുന്നു.
കേരളത്തില്‍നിന്നുള്ള മാത്യൂസ് ടി. രാജു സഹപ്രവര്‍ത്തകനായി എത്തിയതു മുതലുള്ള സൗഹൃദം ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹ ബന്ധത്തിലെത്തുകയായിരുന്നു.
സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും തലയോലപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്ട്രര്‍ ചെയ്തു. തുടര്‍ന്ന് പൊതി സേവാഗ്രാം അന്തേവാസികള്‍ക്കൊപ്പം വിവാഹ സത്ക്കാരം നടത്തി.
സ്വകാര്യ ഷിപ്പിംഗ് കമ്പനി ഉദ്യോഗസ്ഥനും പൊതുപ്രവര്‍ത്തകനുമായ രാജു തെക്കേക്കാലയാണ് മാത്യുവിന്റെ പിതാവ്. ട്രാവല്‍ ഏജന്‍സി സംരംഭക ആലീസ് രാജു മാതാവും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് മോസസ് ടി. രാജു സഹോദരനുമാണ്.
മൊറോക്കോയിലെ കാസാ ബ്ലാക്കയില് ബിസിനസ് നടത്തുന്ന അഹമ്മദ് ഇമാമിയും, പരേതയായ സുബൈദയുമാണ് കൗതര്‍ ഇമാമിയുടെ മാതാപിതാക്കള്‍.
ഇമാന്, യഹിയ എന്നിവര്‍ സഹോദരങ്ങളാണ്. മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്, മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ വധു വരന്മാര്ക്ക് ആശംസകള്‍ നേരാന്‍ എത്തിയിരുന്നു.