ചേർത്തല: പള്ളിപ്പുറം തിരുനല്ലൂരിൽ യുവാവിനെയും വിദ്യാർഥിനിയെയും ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 12-ാം വാർഡിൽ തിരുനല്ലൂർ കരിയിൽ തിലകന്റെ മകൻ അനന്തകൃഷ്ണൻ (24), സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന തേക്കിൻകാട്ടിൽ ഷാജിയുടെ മകൾ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി എലിസബത്ത് (16) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.
വീടിനു സമീപം ആളൊഴിഞ്ഞ കെട്ടിടത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.അനന്തകൃഷ്ണൻ തൂങ്ങിനിൽക്കുന്ന നിലയിലും എലിസബത്ത് നിലത്തുകിടക്കുന്ന നിലയിലുമായിരുന്നു.
പെണ്‍കുട്ടിയുടെ അമ്മൂമ്മ പോലീസിൽ പരാതി നൽകിയതിതുടർന്ന് ടവർ ലോക്കേഷൻ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പാലാ സ്വദേശിയായ ഷാജിയും കുടുംബവും കുറച്ചുനാളായി തിരുനല്ലൂരിൽ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ചേർത്തല പോലീസ് അന്വേഷണം ആരംഭിച്ചു.