കോട്ടയം: കേറ്ററിംഗ് സർവീസിന്റെ മറവിൽ വിവാഹ വീടുകളിൽ വ്യാജ ചാരായം വില്പന നടത്തിയയാളെ ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും മണിമല പോലീസും ചേർന്നു പിടികൂടി.
മണിമല കടയനിക്കാട് കോലഞ്ചിറയിൽ കെ.എസ്. സോമനെയാണ് (65) പിടികൂടിയത്. ഇയാളുടെ പക്കൽനിന്നു നാലു ലിറ്റർ ചാരായവും, 70 ലിറ്റർ കോടയും പിടിച്ചെടുത്തു.
വിവാഹ വീടുകളിൽ കേറ്ററിംഗ് സർവീസ് നടത്തുന്ന സോമൻ, ഇതോടൊപ്പം ചാരായവും എത്തിക്കുകയായിരുന്നു. ഒരു ലിറ്റർ ചാരായം ആയിരം രൂപയ്ക്കാണ് വിറ്റിരുന്നത്.
ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സോമൻ നിരീക്ഷണത്തിലായിരുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ, മണിമല എസ്എച്ച്ഒ ബി.ഷാജിമോൻ, എസ്ഐ വിജയകുമാർ, അനിൽകുമാർ, മോഹനൻ, എഎസ്ഐ റോബി പി.ജോസ്, സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.