ശ്രീകണ്ഠപുരം: ചെങ്ങളായിയിൽനിന്ന് കാണാതായ രണ്ട് മക്കളുടെ മാതാവായ 27 കാരിയായ യുവതി ഒടുവിൽ കാമുകനോടൊപ്പം തളിപ്പറമ്പ് പോലീസിൽ ഹാജരായി.
യുവതിയുടെ സഹോദരിയുടെ പരാതിയിൽ ശ്രീകണ്ഠപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും ഇന്നലെ ഉച്ചയ്ക്ക് തളിപ്പറമ്പ് പോലീസിൽ ഹാജരായത്.
ഞായറാഴ്ച രാത്രി 11 ഓടെയാണ് യുവതിയെ വീട്ടിൽ നിന്ന് കാണാതായത്. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ ഭർത്താവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് കാസർഗോഡ് വച്ച് പണം പിൻവലിച്ചതായി മൊബൈൽ മെസേജ് വന്നതോടെ വിദേശത്തുള്ള ഭർത്താവ് വീട്ടിൽ അന്വേഷിക്കുകയായിരുന്നു.
തുടർന്ന് വീട്ടുകാർ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് മൂന്നും ഏഴും വയസുള്ള കുട്ടികളെ ഉറക്കി കിടത്തി യുവതി കാറുമായി മുങ്ങിയതായി മനസിലായത്.
അലമാരയിൽ സൂക്ഷിച്ച സഹോദരിയുടെ 15 പവൻ സ്വർണവും ഭർത്താവ് പുതുതായി വാങ്ങി നൽകിയ കാറുമായാണ് യുവതി നാടുവിട്ടത്. പെരുവളത്ത്പറമ്പ് സ്വദേശിയായ 24 കാരനായ ബസ് ഡ്രൈവറോടൊപ്പമാണ് യുവതി മുങ്ങിയത്.
മുന്പും ഒളിച്ചോടി..!
നേരത്തെയും യുവതി ഇതേ യുവാവിനോടൊപ്പം നാടുവിട്ടിരുന്നതായി പറയുന്നു. തുടർന്ന് വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തി യുവതിയെ സ്വീകരിക്കുകയായിരുന്നു.
അടുത്തയാഴ്ച യുവതിയെയും മക്കളെയും വിദേശത്തേക്ക് കൊണ്ടു പോകുന്നതിനായി ടിക്കറ്റ് ഒരുക്കി നൽകിയിരുന്നതായും പറയുന്നു. ഇതിനിടെയാണ് യുവതി കാമുകനോടാപ്പം വീണ്ടും മുങ്ങിയത്.
സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും മംഗലാപുരത്തുള്ളതായി കണ്ടെത്തിയിരുന്നു.
തുടർന്ന് ഇവിടെ എത്തി കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് തളിപ്പറമ്പ് പോലീസിൽ ഹാജരായത്.
സ്റ്റേഷനിൽ വച്ച് ബന്ധുക്കളോട് കാറും സ്വർണവും തിരികെ നൽകില്ലെന്നും തനിക്ക് കാമുകൻ മതിയെന്നും യുവതി ആദ്യം പറഞ്ഞെങ്കിലും തളിപ്പറമ്പ് കോടതിയിലെത്തിയതോടെ കാറും സ്വർണവും തിരികെ നൽകാമെന്നും തനിക്ക് കാമുകനോടൊപ്പം പോയാൽ മതിയെന്നും യുവതി അറിയിച്ചു.
തുടർന്ന് യുവതിയുടെ ഇഷ്ടപ്രകാരം കോടതി കാമുകനോടൊപ്പം വിട്ടയയ്ക്കുകയായിരുന്നു.