സ്വന്തം ലേഖകൻ
തൃശൂർ: വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ തടവുകാരൻ കോട്ടയം സ്വദേശി സൈനുദ്ദീന് സിം കാർഡ് കൈമാറിയ സംഭവത്തിൽ ഇയാളെ കാണാനെത്തിയവരെ ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവും കോട്ടയം ജില്ല സെക്രട്ടറിയുമായിരുന്ന സൈനുദ്ദീനെ കാണാനെത്തിയവരാണ് സിം കാർഡ് കൈമാറിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവർ സൈനുദ്ദീന്റെ ബന്ധുക്കളെന്നാണ് സൂചന. ഇക്കാര്യവും വിശദമായി പരിശോധിക്കും. ഇവർ കൈമാറിയ പുസ്തകത്തിനുള്ളിലായിരുന്നു സിം കാർഡ് ഒളിപ്പിച്ചിരുന്നത്.
അതിസുരക്ഷ ജയിലിന്റെ സെക്യൂരിറ്റി ചുമതലയുള്ള ഇന്ത്യ റിസർവ് ബറ്റാലിയന്റെ സേനാംഗങ്ങളാണ് സിം കാർഡ് കണ്ടെത്തിയത്.
അതിസുരക്ഷ ജയിലിനകത്ത് തടവുകാർ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്.
സിം കാർഡ് മാത്രമാണ് ഇപ്പോൾ കണ്ടെടുക്കാനായത്. ജയിലിൽ ഫോണുള്ളതിനാലാണ് സിം കൈമാറിയതെന്ന സംശയമുണ്ട്.