സ്വന്തം ലേഖകന്‍
കോഴിക്കോട്: ലഹരിക്കെതിരേ നാടൊന്നിച്ചുനില്ക്കണമെന്ന ആഹ്വാനവുമായി സംസ്ഥാനത്തുടനീളം പരിപാടികള്‍ സംഘടിപ്പിക്കുമ്പോഴും സിപിഎമ്മിന് കുരുക്കായി പെരുകുന്ന മദ്യശാലകളും മദ്യ ഉപയോഗവും.
ലഹരിയെന്നാല്‍ കഞ്ചാവും എംഡിഎംഎയുംമാത്രമല്ല മദ്യവും കുടിയാണെന്നും അടിക്കടി മദ്യശാലകളുടെ എണ്ണം വര്‍ധിപ്പിച്ച് എന്ത് ലഹരി വിരുദ്ധപരിപാടിയാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിപക്ഷവും മദ്യവിരുദ്ധസമിതി പ്രവര്‍ത്തകരും ചോദിക്കുന്നു.
ഇപ്പോഴുള്ള മദ്യശാലകള്‍ക്ക് പുറമേ കൂടുതല്‍ പ്രീമിയം കൗണ്ടറുകള്‍ കൂടി തുടങ്ങാനാണ് സര്‍ക്കാര്‍ ഇപ്പോഴും ലക്ഷ്യ മിടുന്നത്.
ഇതിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിയുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ലഹരി വിരുദ്ധ സന്ദേശം പടര്‍ത്തി സംസ്ഥാനത്തൊട്ടുക്കും പരിപാടികളും റാലികളും സംഘടിപ്പിക്കുമ്പോഴും പ്രധാന വരുമാനമാര്‍ഗമായ മദ്യം വിട്ടൊരു കളിയും ഇല്ലെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍.
ലഹരി വിരുദ്ധപരിപാടികള്‍ സംഘടിപ്പിച്ച മദ്യ വിരുദ്ധസമിതിയും ചൂണ്ടികാണിച്ചത് ഈ ഒരു കാര്യമാണ്.
നാടൊട്ടുക്കും മദ്യശാലകള്‍ തുറന്ന് ലഹരി വിരുദ്ധ പേരാട്ടം നയിക്കുന്ന സര്‍ക്കാര്‍ മദ്യത്തെ ലഹരിയായല്ലേ കാണുന്നതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയരുന്നതും.
ആളുകളെ ക്യൂ നിന്ന് ബുദ്ധിമുട്ടിക്കാതെ സൂപ്പര്‍മാര്‍ക്കറ്റ് മോഡല്‍ മദ്യശാലകളാണ് ഇനി തുടങ്ങാനിരിക്കുന്നത്.
പൂട്ടിപ്പോയതുപോലും തുറന്നു
പൂട്ടിപോയ പത്ത് മദ്യശാലകള്‍ ഇതിനകം രണ്ടാം പിണറായി സര്‍ക്കാര്‍ തുറന്നുകഴിഞ്ഞു. നേരത്തെ സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ ആരംഭിക്കാന്‍ ബെവ്കോയും സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിരുന്നു.
175 മദ്യക്കടകള്‍ ആരംഭിക്കുന്നതിനുള്ള ശിപാര്‍ശയാണ് ബെവ്കോ നല്‍കിയത്. അതേസമയം കേരളത്തിന്റെ വലിയ വരുമാനമാര്‍ഗം മദ്യവില്പനയാണെന്ന തരത്തില്‍ ഗവര്‍ണര്‍ ഉള്‍പ്പെടെ പ്രസ്താവന ഇറക്കിയിരുന്നു.
ഇതിനെ പ്രതിരോധിക്കാന്‍ മദ്യം ഉപയോഗിക്കുന്നവരുടെ ശതമാന കണക്കില്‍ ആദ്യ അഞ്ചില്‍ പോലും കേരളമില്ല എന്ന കണക്കുമായി സിപിഎം രംഗത്തെത്തി.
ഇതിനായി കേന്ദ്രസര്‍ക്കാര്‍ സര്‍വേയാണ് സിപിഎം ഉയര്‍ത്തികാട്ടുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ഏറ്റവും പുതിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ചൂണ്ടികാണിച്ചാണ് പ്രതിരോധം .
ഒന്നാമത് ഗോവയാണത്രെ!
മദ്യപിക്കുന്ന പുരുഷന്മാരുടെ ശതമാനത്തില്‍ ഗോവ ഒന്നാമതും അരുണാചല്‍ പ്രദേശ് രണ്ടാമതുമാണ്.
സ്ത്രീകളുടെ മദ്യ ഉപഭോഗത്തില്‍ അരുണാചല്‍ പ്രദേശ് ഒന്നാമതും സിക്കിം രണ്ടാമതുമാണ്.
കേന്ദ്രസര്‍ക്കാറിന്റെ തന്നെ കണക്കുകള്‍ ഇങ്ങനെയാണെന്നിരിക്കെയാണ് കേരളത്തിനെതിരായ ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും സിപിഎം പറയുന്നു.
എന്തായാലും ലഹരി ദിനത്തില്‍ മദ്യം ഉയര്‍ത്തിക്കാട്ടിയാണ് പോര് കനക്കുന്നത്. ഇത് വരുംനാളുകളിലും തുടരുമെന്നുറപ്പാണ്.