‘നോ’ പറയാൻ മടിയുള്ളവർ ഉണ്ട്. അവരെ കുറ്റം പറയാൻ പറ്റില്ല. നോ പറയുന്പോൾ അത് ഉൾക്കൊള്ളാൻ എത്രപേർക്കു കഴിയും?
ഒരു പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറയുന്പോൾ അവളത് നിരസിച്ചാൽ എങ്ങനെയായിരിക്കും പ്രതികരണമുണ്ടാകുക?
ആ വ്യക്തിയുടെ സ്വത്വം മാനിച്ച് വേറൊരു വഴിയിലേക്ക് നടക്കാൻ കഴിയുമോ? ഇങ്ങനെയുള്ള സന്ദർഭങ്ങൾ പലതും അരുംകൊലയിലേക്ക് എത്തുന്നു.
ജീവിതം ഉയർച്ചതാഴ്ചകളുടേതാണ്. പരാജയങ്ങളെ, പരിഹാസങ്ങളെ, എതിരഭിപ്രായങ്ങളെ ഉൾക്കൊള്ളാൻ നാം പഠിക്കേണ്ടിയിരിക്കുന്നു,
അതാരിൽനിന്ന് ആയാലും. ഇതിനായി ആദ്യം ചെയ്യേണ്ടത് മറ്റുള്ളവരുടെ സ്ഥാനത്തുനിന്ന് ചിന്തിക്കാൻ പഠിക്കുകയാണ്. ഇതുവഴി വ്യക്തികളെ,
അവരുടെ സാഹചര്യങ്ങളെ കൂടുതൽ മനസിലാക്കാൻ സാധിക്കും. അവരുടെ ചിന്തകളെ ബഹുമാനിക്കാനും നിലപാടുകൾ അംഗീകരിക്കാനുമുള്ള മനസ് നമുക്കുണ്ടാകും.
പ്രണയം നിരസിക്കപ്പെടുന്പോൾ, സൗഹൃദം മുറിപ്പെടുന്പോൾ വളരെ ലാഘവത്തോടെ വേറൊരു ജീവിതത്തിലേക്ക് പോകാൻ സാധിക്കും എന്നല്ല.
തീർച്ചയായും വേർപിരിയലുകൾ വേദനാജനകമാണ്. എന്നാൽ മറ്റേയാളുടെ തീരുമാനത്തെ മാനിക്കുന്പോൾ വേറൊരു വഴിയിലേക്ക് നടക്കാൻ അത് നമ്മെ പ്രേരിപ്പിക്കും.
ആ വ്യക്തിയെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ അതുതന്നെയല്ലേ നാം ചെയ്യേണ്ടതും.
ഡോ. ജിറ്റി ജോർജ്
കൺസൾട്ടന്റ്
സൈക്യാട്രിസ്റ്റ്
എസ്എച്ച് മെഡിക്കൽ സെന്റർ
കോട്ടയം
[email protected]