സീമ മോഹൻലാൽ
കള്ളനെ പിടിക്കലും കേസ് അന്വേഷണവും മാത്രമല്ല, ശരീരസൗന്ദര്യത്തിലും ഏറെ ശ്രദ്ധിക്കുന്നവരാണ് തങ്ങളെന്നു തെളിയിച്ചിരിക്കുകയാണ് കെഎപി ഒന്നാം ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനായ ബി.റ്റി. ശ്രീജിത്ത്.
തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന ശരീര സൗന്ദര്യമത്സരത്തിൽ മിസ്റ്റർ കേരള പോലീസായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് തൃപ്പൂണിത്തുറ എരൂർ ബംഗ്ലാവുംപറന്പിൽ ശ്രീജിത്ത്.
2020 ൽ പോലീസ് സേനയിൽ ചേർന്ന ശ്രീജിത്തിനെ ഇത് രണ്ടാം തവണയാണ് മിസ്റ്റർ കേരള പോലീസ് പട്ടം തേടിയെത്തുന്നത്. മിസ്റ്റർ കേരള 2021 എന്ന പട്ടവും ശ്രീജിത്തിന് സ്വന്തമാണ്.
ഗ്രേസ് മാർക്കിനായി തുടങ്ങിയത്
എറണാകുളം മഹാരാജാസ് കോളജിൽ ബിരുദ പഠനകാലത്ത് ഗ്രേസ് മാർക്ക് കിട്ടാനായാണ് ശ്രീജിത്ത് ബോഡി ബിൽഡിംഗ് മത്സരത്തിൽ പങ്കെടുത്തു തുടങ്ങിയത്.
2012 ൽ ഗോൾഡ് മെഡലോടെ ചാന്പ്യനായി. തുടർന്നുള്ള അഞ്ചു വർഷവും ബോഡി ബിൽഡിംഗ് ഗോൾഡ് മെഡലോടെയാണ് ശ്രീജിത്ത് വിജയിച്ചത്.
2015-ൽ മിസ്റ്റർ എംജി യൂണിവേഴ്സിറ്റി, 2016 ൽ മിസ്റ്റർ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി എന്നീ ടൈറ്റിലുകൾ ശ്രീജിത്തിന് നേടാനായി.
പ്രചോദനമായത് കൂട്ടുകാരൻ
എറണാകുളം മഹാരാജാസ് കോളജിൽ ശ്രീജിത്തിന്റെ സീനിയറായി പഠിച്ച മട്ടാഞ്ചേരി സ്വദേശി അശ്വിൻ ഷെട്ടിയാണ് ഈ രംഗത്തേക്കുള്ള വരവിന് പ്രചോദനമായത്.
ശാരീരിക പരിമിതികളെ അതിജീവിച്ചാണ് അശ്വിൻ മിസ്റ്റർ ഇന്ത്യ, മിസ്റ്റർ ഏഷ്യ പട്ടം കരസ്ഥമാക്കിയത്. അശ്വിന്റെ വിജയം ശ്രീജിത്തിന് പ്രചോദനമായി.
മത്സരത്തിനായുള്ള ഒരുക്കങ്ങൾ
മത്സരത്തിനു മൂന്നു മാസം മുന്‍പ് ശരീരത്തിൽ ഫാറ്റും മസിലുകളും കയറ്റി വലുതാക്കാനുള്ള ബൾക്കിംഗ് ആണ് ആദ്യം ചെയ്യുന്നത്.
കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണം ആണ് ഈ കാലയളവിൽ കഴിച്ചത്. ദിവസം രണ്ടു നേരം വർക്ക് ഔട്ട് ചെയ്തു.
തുടർന്നു ഫാറ്റിനെ ഇല്ലാതാക്കാനുള്ള ബൾക്കിംഗ് പ്രക്രിയയാണ് പിന്നീട് ചെയ്യുന്നത്. കലോറി കൂടുതലുള്ള ഭക്ഷണം പാടെ കുറച്ച് പ്രോട്ടീൻ ഭക്ഷണം കൂടുതലായി കഴിച്ചു. വർക്ക് ഔട്ട് മൂന്നു നേരമാക്കി. ഇതിനൊപ്പം കാർഡിയോ വർക്കൗട്ടും ചെയ്തു.
വിജയകീരിടം
പത്ത് ഇനങ്ങളിലായി 55 മുതൽ 100 കിലോ വിഭാഗത്തിലുള്ളവർ വരെയാണ് മത്സരത്തിൽ പങ്കെടുത്തത്. അഞ്ചു കാറ്റഗറിയിൽ നടന്ന മത്സരത്തിൽ പത്തു പേർ ഒന്നാം സ്ഥാനത്ത് എത്തി.
അവർക്കായി വീണ്ടും മത്സരം നടത്തിയതിൽ നിന്നാണ് ശ്രീജിത്ത് മിസ്റ്റർ കേരള പോലീസ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. 85 കിലോ വിഭാഗത്തിലാണ് ശ്രീജിത്ത് മത്സരിച്ചത്.
ജിമ്മുകൾ
ഇത്രയും കാലം വർക്ക്ഔട്ട് ചെയ്തിരുന്നത് ലൈഫ് ഫിറ്റ്നസ് സെന്റർ എന്ന ജിമ്മിലായിരുന്നു. ഇപ്പോൾ വൈറ്റിലയിലെ സ്റ്റാൻഡേർഡ് ജിമ്മിലും എരൂരിലെ സുധീഷിന്റെ ക്ലാസിക് ഫിറ്റ്നസ് ജിമ്മിലുമാണ് വർക്ക് ഔട്ട് ചെയ്യുന്നത്. ഖത്തറിലുള്ള എം.എസ്. അരവിന്ദാണ് പഴ്സണൽ ട്രെയ്നർ.
പുരസ്കാരങ്ങൾ ഏറെ
2015 കളമശേരിയിൽ നടന്ന മിസ്റ്റർ ഡെക്കാത്തലോണ്‍ മത്സരത്തിൽ ടൈറ്റിൽ പട്ടം നേടി ഫസ്റ്റ് മിസ്റ്റർ ഡെക്കാത്തലോണ്‍ എന്ന ബഹുമതി ശ്രീജിത്ത് സ്വന്തമാക്കി. മിസ്റ്റർ കേരള പോലീസ് 2021, മിസ്റ്റർ കേരള 2022 എന്നീ ടൈറ്റിലുകളും ശ്രീജിത്തിന് സ്വന്തമാണ്.
സേനയിൽനിന്നുള്ള പ്രോത്സാഹനം
പോലീസ് സേനയിൽനിന്ന് തനിക്ക് വലിയ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നുണ്ടെന്ന് ശ്രീജിത്ത് പറഞ്ഞു.
എഡിജിപി മനോജ് എബ്രഹാം, കഐപി ഒന്നാം ബറ്റാലിയൻ കമാൻഡന്റ് ജോസ് വി. ജോർജ്, ഡെപ്യൂട്ടി കമാൻഡന്റ് ജാക്സണ് പീറ്റർ, അസി. കമാൻഡന്റുമാരായ ആൻസൻ, അശോകൻ എന്നിവർ പൂർണ പിന്തുണ നൽകുന്നുണ്ടെന്ന് ശ്രീജിത്ത് പറയുന്നു.
സ്പോണ്‍സർമാരില്ല
സ്പോണ്സർമാരില്ലാത്തത് ശ്രീജിത്തിനെ പലപ്പോഴും പ്രതിസന്ധിയിലാഴ്ത്തുന്നുണ്ട്. പരിശീലനത്തിനും മറ്റുമായി പ്രതിമാസം 30,000 രൂപയാണ് ചെലവുവരുന്നത്. ഒരു സ്പോണ്‍സറെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ശ്രീജിത്ത്.
മിസ്റ്റർ ഇന്ത്യ പോലീസിനായുള്ള ഒരുക്കം
നവംബർ 18-ന് പൂനെയിൽ നടക്കുന്ന മിസ്റ്റർ ഇന്ത്യ പോലീസ് മത്സരത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഈ സിവിൽ പോലീസ് ഓഫീസർ. താൻ കപ്പടിക്കുമെന്ന ആത്മവിശ്വാസം ഉണ്ടെന്ന് ശ്രീജിത്ത് പറഞ്ഞു.
കട്ടയ്ക്കു നിൽക്കുന്ന കുടുംബം
അച്ഛൻ പി.കെ. തന്പിയും അമ്മ എം.വി. ലതയും ജ്യേഷ്ഠ സഹോദരൻ ശ്യാമും എപ്പോഴും ശ്രീജിത്തിനൊപ്പമുണ്ട്.