ചേര്‍ത്തല: അഞ്ചുവയസുകാരിയെ 85 വയസുകാരന് ഉപദ്രവിച്ചെന്നും മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചുവെന്നും കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്കി.
സംഭവത്തില്‍ ചേര്‍ത്തല പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.
ഒക്ടോബര്‍ ആറിനാണ് പരാതി നല്‍കിയത്. എട്ടിനാണ് പോലീസ് കേസെടുത്തത്. പട്ടണക്കാട് പുതിയകാവിലുളള 85കാരനെതിരേയാണ് പോലീസ് കേസെടുത്തത്.
അമ്മൂമ്മ വീട്ടുജോലിചെയ്യുന്ന വീട്ടില്‍ കുട്ടിക്കുനേരേ അതിക്രമമുണ്ടായതായാണ് പരാതി. 85വയസുകാരന്റെ വീട്ടില്‍ വര്‍ഷങ്ങളായി ഇവര്‍ വീട്ടുജോലി ചെയ്യുന്നുണ്ടായിരുന്നു.
അമ്മൂമ്മയോടൊപ്പം അവധി ദിവസങ്ങളില്‍ കുട്ടിയും ഇവിടെ പോകുമായിരുന്നുവെന്നും സെപ്റ്റംബര്‍ 22ന് മൊബൈല്‍ ഫോണില്‍ കുട്ടിയെ അശ്ലീലചിത്രങ്ങള്‍ കാണിച്ചുവെന്നും കുട്ടിയുടെ ഫോട്ടോയെടുത്തുവെന്നും കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചുവെന്നും പരാതിയില്‍ പറയുന്നു.
സ്കൂളിലെ അധ്യാപികമാരോടു കുട്ടി പറഞ്ഞതായാണ് വിവരം.സംഭവത്തില്‍ പോക്സോ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിരുന്നു.
എന്നാല്‍ എഫ്ഐആര്‍ അവ്യക്തമായാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും തുടര്‍നടപടി ആവശ്യപ്പെട്ടപ്പോള്‍ പോലീസ് അപമാനിച്ചുവെന്നുമാണ് പരാതിക്കാരി പറയുന്നത്.
ഇതേത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്കു രേഖാമൂലവും ഡിഐജിക്കു ഫോണ്‍വഴിയും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.
എന്നാല്‍ കുട്ടിയുടെ അമ്മയുടെ പരാതി ലഭിച്ച ഉടന്‍തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തെന്നും വിഷയത്തില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടക്കുകയാണെന്നും ചേര്‍ത്തല പോലീസ് ഇന്‍സ്പക്ടര്‍ വിനോദ്കുമാര്‍ പറഞ്ഞു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആരോപണ വിധേയനായ 85കാരന്റെ ഫോണ്‍ ഫോറന്‍സിക് വിഭാഗത്തിനു കൈമാറി പരിശോധിച്ചു.
ആദ്യ പരിശോധനയില്‍ പരാതിയില്‍ ഉന്നയിക്കുന്ന ഫോട്ടോകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പറയുന്നു.