പൊൻകുന്നം: ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം ദേഹത്ത് പതിച്ച് മരിച്ച അഫ്സലി (24)ന്റെ വേർപാട് താങ്ങാനാവാതെ നാട്.
പൊൻകുന്നത്ത് ഓട്ടോഡ്രൈവർ കൂടിയായ അഫ്സൽ ബാഷ ഏവർക്കും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. അടുത്തമാസം വിവാഹം നടക്കാനിരിക്കെയാണ് അഫ്സലിന്റെ ദുരന്തം. ഈരാറ്റുപേട്ട സ്വദേശിനിയുമായുള്ള വിവാഹം ഡിസംബറിൽ നടത്താൻ തീരുമാനമായിരുന്നു.
വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെ പണത്തിന് ഏറെ ആവശ്യമുള്ളതിനാൽ രാവും പകലും അധ്വാനിക്കാൻ സന്നദ്ധനായിരുന്നു.
അതിനാൽ പകൽ ഓട്ടോറിക്ഷ ഓടിച്ചതിനു ശേഷം രാത്രി തമിഴ്നാട്ടിലേക്ക് പച്ചക്കറിയെടുക്കാൻ പിക്കപ്പ് വാനുമായി പോകാൻ അഫ്സൽ സന്നദ്ധനായിരുന്നു.
അത്യാവശ്യം മെക്കാനിക് ജോലികൾ കൂടി ചെയ്യാനറിയുമായിരുന്ന അഫ്സൽ ആരുടെയും സഹായമില്ലാതെ തന്നെ പഞ്ചറായ ടയറുകൾ മാറാൻ പ്രാപ്തനായിരുന്നു.
എന്നാൽ റോഡരികിൽ വാഹനം നിർത്തിയിട്ടപ്പോൾ കോൺക്രീറ്റിംഗിന്റെ ചെറിയ ചെരിവിലായിരുന്നതിനാൽ വാഹനത്തിന്റെ ഇളക്കത്തിനിടെ ജാക്കി തെന്നിമാറുകയായിരുന്നു.
പിക്കപ്പ് വാൻ നിറയെ പച്ചക്കറി ചാക്കുകളുണ്ടായിരുന്നതിനാൽ അതിവേഗം ചെരിഞ്ഞ് അഫ്സലിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതമാണു മരണകാരണമായത്.