ഹൈദരാബാദ്: എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു.
തെലുങ്കാന ഓപ്പറേഷൻ കമലത്തിനു പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്ന് കെസിആർ ആരോപിച്ചു.
എംഎൽഎമാരുമായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കെസിആർ ആരോപണം ഉന്നയിച്ചത്.
തുഷാറാണ് എംഎൽഎമാരെ വിലയ്ക്കെടുത്ത് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്കുവേണ്ടി പ്രവർത്തിച്ചതെന്ന് കെസിആർ പറഞ്ഞു.
കൂറുമാറ്റ ഇടപാട് സംബന്ധിച്ച് തുഷാർ ടിആർഎസ് എംഎൽഎമാരോട് സംസാരിച്ചതായും തെലുങ്കാന മുഖ്യമന്ത്രി ആരോപിച്ചു.
ഡൽഹി ബ്രോക്കർമാർ നാല് ടിആർഎസ് എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ശ്രമിച്ചു.
ബിജെപിയിൽ ചേരാൻ നാല് ടിആർഎസ് എംഎൽഎമാർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചത് സൈബറാബാദ് പോലീസും അഴിമതി വിരുദ്ധ ബ്യൂറോയും അന്വേഷിച്ചുവരികയാണ്- കെസിആർ പറഞ്ഞു.
കേസിൽ ശേഖരിച്ച തെളിവുകൾ തെലുങ്കാന ഹൈക്കോടതി മുമ്പാകെ സമർപ്പിച്ചിരുന്നു.
ഇത് സുപ്രീം കോടതിയിലും രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും നൽകും. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും തെളിവുകൾ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായ ഭാഷയിലാണ് കെസിആർ വിമർശിച്ചത്. “ഞാൻ നിങ്ങളുടെ രാഷ്ട്രീയ സഹപ്രവർത്തകനാണ്.
എന്തുകൊണ്ടാണ് നിങ്ങൾ ജനാധിപത്യവിരുദ്ധമായ മാർഗങ്ങളിലൂടെ എന്റെ സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്നു’ തെലുങ്കാന മുഖ്യമന്ത്രി ചോദിച്ചു.
ജനാധിപത്യത്തെ സംരക്ഷിക്കാൻ രാജ്യത്തെ കോടതികളോട് റാവു അഭ്യർഥിച്ചു.