ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: കിർണീം… കിർണീം… കിർണീം… ബെല്ലടി മാത്രമേയുള്ളൂ, ഷീ ലോഡ്ജിലേക്കു വിളിച്ചാൽ ആരും ഫോണെടുക്കില്ല.
സുരക്ഷിത ഇടം തേടി തപ്പിപ്പിടിച്ചു രാത്രിയിൽ സ്ത്രീകളാരെങ്കിലും ഇവിടേക്കെത്തിയാൽ വിജനമായ സ്ഥലത്ത് ഒറ്റപ്പെടുകയേയുള്ളൂ.
നാലു വർഷംമുന്പ് അയ്യന്തോൾ പഞ്ചിക്കലിൽ ആരംഭിച്ച ഷീ ലോഡ്ജ് കഴിഞ്ഞ മൂന്നു വർഷമായി അടഞ്ഞുകിടക്കുകയാണ്. നവംബർ ഏഴിനാണു സ്ത്രീ സുരക്ഷ കൊട്ടിഘോഷിച്ച് ഷീ ലോഡ്ജ് ആരംഭിച്ചത്.
എന്നാൽ ഏതാനും ദിവസങ്ങൾ മാത്രമാണു പ്രവർത്തിച്ചത്. നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കു താമസിക്കാന്‍ സുരക്ഷിതമായൊരിടം എന്നായിരുന്നു കോർപറേഷന്റെ പ്രഖ്യാപനം.
എന്നാൽ നഗരത്തിൽനിന്ന് അഞ്ചുകിലോമീറ്റർ ദൂരത്തിൽ വിജനമായ പാടത്തിനരികെ സ്ഥാപിച്ച ലോഡ്ജ് സ്ത്രീകൾക്കു സുരക്ഷിതമല്ലെന്ന് അന്നേ ആരോപണമുയർന്നിരുന്നു.
1.35 കോടി രൂപ ചെലവഴിച്ചാണു 5000 ചതുരശ്ര അടി വിസ്തീര്‍ണത്തിൽ മൂന്നുനിലകളിലായി ലോഡ്ജ് നിർമിച്ചത്. ഒരേ സമയം 50 സ്ത്രീകളെ പാര്‍പ്പിക്കാൻ സൗകര്യമുണ്ട്. കുടുംബശ്രീ അടുക്കളയും പ്രവർത്തിച്ചിരുന്നു.
നിലവിൽ ഗേറ്റ് പൂട്ടിയിട്ട ലോഡ്ജ് കോന്പൗണ്ടിനുള്ളിൽ പുല്ലു വളർന്നു. കെട്ടിടത്തിലെ ജനലുകൾ പലതും തുറന്നുകിടക്കുകയാണ്.
ഇതിലൂടെ തൊരപ്പനും മറ്റു ജീവികളും കയറി കിടക്കകളും സോഫാ സെറ്റികളും കടിച്ചുപറിച്ചിട്ടിരിക്കുകയാണ്. ഇരുന്പുകട്ടിലുകൾ തുരുന്പുപിടിച്ചു.
മുറികളിൽ പൊടിയും മാറാലയും പടർന്നു. ഇക്കാര്യം കൗൺസിലിൽ ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു കൗൺസിലർ മേഫി ഡെൽസൻ പറഞ്ഞു. മേയർക്കും ബന്ധപ്പെട്ടവർക്കും കത്തുകളും നൽകിയിട്ടുണ്ട്.
“അവൾ’ ഇങ്ങനെയായിരുന്നു
ദിവസ വാടക 400 രൂപ (രാവിലെ എട്ടുമുതൽ അടുത്തദിവസം എട്ടുവരെ). രണ്ടു ദിവസത്തെ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ചായ, രാത്രി ഭക്ഷണം. ഭക്ഷണം ആവശ്യമില്ലെങ്കിൽ 250 രൂപ.
ടൈൽ വിരിച്ച് മനോഹരമാക്കിയ മുറികൾ. ഓരോ നിലയിലും ശുചിയോടെയുള്ള ബാത്ത്റൂമുകൾ. അടുക്കള, ഡൈനിംഗ് മുറി, ഓഫീസ്, സ്വീകരണമുറി, എൽഇഡി ടിവി, രണ്ട് വാർഡൻ, രണ്ട് കുക്ക്, ശുചീകരണത്തൊഴിലാളി, വാച്ച്മാൻ. രാത്രിയും പകലും ജീവനക്കാരുടെ സേവനം.