വര്‍ക്ക് ഫ്രം ഹോം ജോലികള്‍ മിക്കവരെയും ആകര്‍ഷിക്കാറുണ്ട്. നമുക്ക് അനുയോജ്യമായ സാഹചര്യത്തില്‍ വീട്ടിലിരുന്ന് ശമ്പളത്തോടെയുള്ള ജോലി ആരാണ് ആഗ്രഹിക്കാത്തത്.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലാകമാനം വര്‍ക്ക് ഫ്രം ഹോം ജോലികളുടെ പരസ്യങ്ങളാണ്. ഇവയില്‍ പലതും തട്ടിപ്പാണെന്നതാണ് യാഥാര്യര്ഥ്യം.
ദിവസേന വീട്ടിലിരുന്ന് 8000-10000 രൂപ സമ്പാദിക്കാമെന്ന് കേള്‍ക്കുമ്പോള്‍ ഒട്ടുമിക്ക ആളുകളും വീണു പോകുന്നു. എന്നാല്‍ ഇത്തരത്തില്‍ തട്ടിപ്പില്‍ പെട്ട് നിരവധി ആളുകള്‍ക്കാണ് പണം നഷ്ടമായിരിക്കുന്നത്.
അത്തരമൊരു തട്ടിപ്പില്‍പെട്ട് മഹാരാഷ്ട്ര സ്വദേശിനിയായ സ്ത്രീക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങളാണ്. ഫേസ്ബുക്കില്‍ കണ്ട വര്‍ക് ഫ്രം ഹോം പരസ്യത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ 15.22 ലക്ഷം രൂപ ഇവര്‍ക്ക് നഷ്ടമാവുകയായിരുന്നു.
ഡോംബിവാലി സ്വദേശിനിയായ ഒരു വീട്ടമ്മയാണ് ഈ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. 57 കാരിയായ ഇവര്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ഫേസ്ബുക്കില്‍ കണ്ട വര്‍ക് ഫ്രം ഹോം പരസ്യത്തില്‍ വിശദാംശങ്ങള്‍ അറിയാനായി ക്ലിക്ക് ചെയ്തത്.
എന്നാല്‍ ഈ ലിങ്ക് മരിയ ഡി ലിയോണ്‍ എന്ന സ്ത്രീയുടെ വാട്സാപ് നമ്പറിലേക്ക് റീഡയറക്ട് ചെയ്യപ്പെട്ടു. മരിയയാണ് തന്റെ ഉന്നത ഉദ്യോഗസ്ഥന്റെ നമ്പര്‍ എന്നു പറഞ്ഞ് മറ്റൊരു നമ്പര്‍ വീട്ടമ്മയ്ക്ക് കൈമാറിയത്.
ആ നമ്പറിന്റെ ഉടമയായ ടെയിന്‍ ലൊജോറോ എന്ന വ്യക്തിയെ ബന്ധപ്പെട്ടതോടെ പാര്‍ട്ടൈം ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.
ജോലിയുടെ ഭാഗമായി ആമസോണില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്നും ഈ നിക്ഷേപത്തിന് 40 ശതമാനം കമ്മീഷന് ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.
ഇത് വിശ്വസിച്ച സ്ത്രീ സെപ്റ്റംബര്‍ മാസത്തില്‍ തന്നെ 15.22 ലക്ഷം രൂപ ഇത്തരത്തില്‍ ചിലവഴിക്കുകയും ചെയ്തു. ഇതിനുശേഷം തങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ നല്‍കണമെന്ന് തട്ടിപ്പുകാര്‍ ഇവരോട് ആവശ്യപ്പെട്ടു.
എന്നാല്‍ വീട്ടമ്മ അതിനു വിസമ്മതിച്ചതോടെ പിന്നീട് ഇവരുമായി ബന്ധപ്പെടാന്‍ കഴിയാതെയായി. അതിനുശേഷം തന്റെ പക്കല്‍ നിന്നും നഷ്ടമായ പണം തിരിച്ചു കിട്ടുമെന്ന വിശ്വാസത്തില്‍ വീട്ടമ്മ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരുന്നുവെങ്കിലും പ്രയോജനമുണ്ടായില്ല.
താന്‍ വഞ്ചിക്കപ്പെട്ടെന്ന് ഉറപ്പായതോടെ ഇവര്‍ ഒക്ടോബര്‍ 31ന് ഡോംബിവാലി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നിരവധി പേര് സമാനമായ തട്ടിപ്പിനിരയായതായാണ് വിവരം.