ന്യൂഡൽഹി: ഉയർന്ന പിഎഫ് പെൻഷനു വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി. 15,000 രൂപ മേൽപരിധി ഏർപ്പെടുത്തിയത് റദ്ദാക്കി.
60 മാസത്തെ ശരാശരിയിൽ പെൻഷൻ കണക്കാക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി.
ഓഗസ്റ്റ് 11നു വാദം പൂർത്തിയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ ഹർജികളാണു പരിഗണിച്ചത്.
ചീഫ് ജസ്റ്റീസ് യു.യു.ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരുൾപ്പെട്ട ബെഞ്ചാണു വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധ ബോസ് ആണ് വിധിന്യായം എഴുതിയത്.