കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയേക്കുമെന്നു സൂചന.
റോസിലി കൊല്ലപ്പെട്ട കേസിൽ കാലടി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന ഇയാൾ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നു കാലടി പോലീസ് പറഞ്ഞു.
അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങൾക്കും ഇയാൾ മറുപടി ചിരിയിൽ ഒതുക്കുകയാണ്. ഷാഫിയെ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യൽ.
റോസിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കാലടി പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളുടെ കസ്റ്റഡി ഇന്ന് അവസാനിക്കും.
ഉച്ചയ്ക്കു ശേഷം മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ പെരുന്പാവൂർ കോടതിയിൽ ഹാജരാക്കും.
ഇലന്തൂരിലെ തെളിവെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. പത്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ 12 ദിവസം കസ്റ്റഡിയിൽ വാങ്ങി പോലീസ് ചോദ്യം ചെയ്തിരുന്നു.
അതിനുശേഷമാണ് കാലടി പോലീസ് രജിസ്റ്റർ ചെയ്ത റോസിലിയുടെ കൊലപാതകക്കേസിൽ ഒന്പതു ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.
പ്രതികളെ ഇലന്തൂരിലെയും എറണാകുളത്തെയും വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.കൊല്ലപ്പെട്ടവരിൽ ഒരാൾ കടവന്ത്രയിൽനിന്ന് കാണാതായ പത്മയാണെന്ന് പുറത്തു വന്ന ആദ്യ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിരുന്നു.
പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ ശേഷിക്കുന്ന ഡിഎൻഎ ഫലം കൂടി വന്നാലെ മൃതദേഹം വിട്ടുകിട്ടൂ.