എരുമേലി: കാറിനുള്ളിൽ ഇരുന്നിട്ടും കടന്നലുകൾ വിട്ടില്ല. പറന്നെത്തിയ നൂറുകണക്കിന് കടന്നലുകൾ കൂട്ടമായി ആക്രമിച്ചതോടെ കാറിൽ ഇരുന്നവരെല്ലാം നിലവിളിച്ച് റോഡിലേക്ക് ഇറങ്ങി ഓടിയെങ്കിലും പിന്നാലെ പറന്നെത്തി കൊച്ചു കുട്ടികൾ ഉൾപ്പടെയുള്ളവരെ കൂട്ടമായി ആക്രമിച്ചു.
ഇന്നലെ ഉച്ചയ്ക്ക് എരുമേലി പ്രപ്പോസ് റോഡിലാണ് സംഭവം. ദേഹമാസകലം പരിക്കുകളോടെ വെച്ചൂച്ചിറ കുന്നം സ്വദേശികളായ നക്കോലിക്കൽ മീനു (29), മക്കളായ അഭിരാമി (മൂന്ന്), അഭിമന്യു (ഏഴ് ), അഷിത (ഒമ്പത് ), ബന്ധു സരോജിനി (68) എന്നിവരെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രപ്പോസ് – എംഇഎസ് കോളജ് റോഡിൽ കൊടിത്തോട്ടം ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്താണ് സംഭവം.
കഴിഞ്ഞ ദിവസം എംഇഎസ് കോളജിലെ ഒരു വിദ്യാർഥിക്കും ഇവിടെവച്ച് കടന്നലുകളുടെ കുത്തുകളേറ്റു. ബൈക്കിൽ വരുമ്പോഴായിരുന്നു ആക്രമണം.
ഇന്നലെ വെച്ചൂച്ചിറയിൽ നിന്നു മുക്കൂട്ടുതറയിലെത്തി മുണ്ടക്കയം വഴി വണ്ടൻപതാലിന് കാറിൽ പോവുകയായിരുന്ന കുടുംബമാണ് ഇവിടെ കാർ നിർത്തി ഇറങ്ങിയപ്പോൾ കടന്നലുകളുടെ ആക്രമണം നേരിടേണ്ടി വന്നത്.
കടന്നലുകളിൽ നിന്ന് രക്ഷപ്പെടാൻ പെട്ടന്ന് കാറിൽ കയറി ഡോറുകൾ അടച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ കാറിനുള്ളിൽ കടന്നലുകൾ കയറിക്കൂടിയിരുന്നു.
തുടർച്ചയായി കടന്നലുകൾ കുത്തിയതോടെ എല്ലാവരും കാറിൽ നിന്ന് പുറത്തിറങ്ങി ഓടി. ഉടുത്തിരുന്ന വസ്ത്രം കൊണ്ട് വീശി കടന്നലുകളെ അകറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
അതുവഴി എത്തിയ പിക്ക് അപ്പ് വാനിൽ ഇവരെ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം എരുമേലി വലിയമ്പലത്തിന് സമീപം പുത്തൻവീട് വിമൽ, അയൽവാസിയും വയോധികനുമായ പൊടിയണ്ണൻ എന്നിവർക്കും വീടിനടുത്തുവച്ച് കടന്നലുകളുടെ ആക്രമണം നേരിട്ടു.
വയോധികന്റെ ആരോഗ്യനില അപകടകരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കേണ്ടി വന്നു.