കോട്ടയം: പരാതി നൽകാനെത്തിയ വീട്ടമ്മ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു. ഇന്നലെ പാന്പാടി സ്റ്റേഷനിലായിരുന്നു സംഭവം.
കോത്തല എസ്എൻ പുരം സ്വദേശിനി ശാന്തകുമാരി (60)യാണു കുഴഞ്ഞു വീണത്. ഉടൻതന്നെ ഇവരെ പാന്പാടി താലൂക്ക് ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അയൽവാസികളുമായുള്ള തർക്കത്തെത്തുടർന്നു പരാതി നൽകാനാണു ശാന്തമ്മ പോലീസ് സ്റ്റേഷനിൽ എത്തിയത്. പരാതി നൽകുന്നതിന് ഇവർ അഞ്ച് മണിക്കൂർ കാത്തുനിന്നെങ്കിലും പരാതി സ്വീകരിച്ചില്ലെന്നു പറയുന്നു.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇവർ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ പോലീസ് ഉദ്യോഗസ്ഥർതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ, പരാതി സ്വീകരിക്കുവാൻ ദീർഘനേരം നിർത്തിയതാണ് ശാരിരിക ബുദ്ധിമുട്ട് നേരിടാൻ കാരണമെന്നു ബന്ധുക്കൾ ആരോപിച്ചു.