മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ ടി ആർ ആൻഡ് ടി എസ്റ്റേറ്റിൽ ഓരോ ദിവസവും വന്യമൃഗ ശല്യം വർധിക്കുകയാണ്. ക
ഴിഞ്ഞ ആറുമാസമായി പുലിയുടെ ഭീതിയിലായിരുന്നു മേഖലയെങ്കിൽ ഇപ്പോൾ കാട്ടാനകൾ കൂടി എത്തിയതോടെ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് തൊഴിലാളി കുടുംബങ്ങൾ.
എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് തൊട്ടുസമീപം വരെയാണ് 14 ആനകൾ കൂട്ടമായി ഇറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടുമാസമായി എസ്റ്റേറ്റിനോട് ചേർന്നുള്ള വനപ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നെങ്കിലും ഇവയെ ഉൾവനത്തിലേക്ക് തുരത്തുവാൻ വേണ്ട യാതൊരു നടപടിയും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മതമ്പ ഭാഗത്തിറങ്ങിയ കാട്ടാനക്കൂട്ടം കർഷകരുടെ കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു.
ആനകളെ ഉൾവനത്തിലേക്ക് തുരത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ശക്തമായ സമരപരിപാടികൾ സംഘടിപ്പിച്ചെങ്കിലും തിരിഞ്ഞു നോക്കുവാൻ പോലും വനംവകുപ്പ് തയാറായിട്ടില്ല.
എസ്റ്റേറ്റിലെ തൊഴിലാളികൾ പുലർച്ചെ തന്നെ ടാപ്പിംഗിന് ഇറങ്ങും. വന്യമൃഗ ശല്യം മൂലം ഇപ്പോൾ ജോലി ചെയ്യാനും സാധിക്കാത്ത സാഹചര്യമാണെന്ന് തൊഴിലാളികൾ പറയുന്നു.
ഇത് തങ്ങളുടെ വരുമാനത്തെയും സാരമായി ബാധിക്കുകയാണ്. ഇതിനിടെ ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ ശല്യപ്പെടുത്തരുതെന്ന ഉപദേശവുമായി വൈൽഡ് ലൈഫ് പ്രവർത്തകർ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നത് സംശയത്തോടെയാണ് വനാതിർത്തി മേഖലയിലെ ആളുകൾ കാണുന്നത്.
മേഖലയെ വനമാക്കി മാറ്റുവാനുള്ള ഗൂഢനീക്കം നടക്കുന്നുണ്ടോ എന്ന സംശയവും ഇവർ പങ്കുവയ്ക്കുന്നു. ടി ആർ ആൻഡ് ടി എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം.