തലശേരി: തിരുവനന്തപുരത്തെ ഒരു സ്വകാര്യ ചടങ്ങിൽ അതിഥികളായെത്തിയ രണ്ടു പേരിലായിരുന്നു ഏവരുടെയും ശ്രദ്ധ.
സമീപ നാളുകളിൽ പരസ്പരം വിമർശനങ്ങൾ ഉന്നയിച്ച നടൻ ദിലീപും നിർമാതാവ് ലിബർട്ടി ബഷീറും തമ്മിലുള്ള കൂടിക്കാഴ്ച മറ്റുള്ളവരിലും കൗതുകമുണർത്തി.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ നിരന്തരം വിമർശിക്കുകയും തലശേരി കോടതിയിൽ ദിലീപിനെതിരെ കേസ് നൽകുകയും ചെയ്ത ലിബർട്ടി ബഷീറും ദിലീപും ചടങ്ങിൽ കണ്ടുമുട്ടിയയുടൻ കൈകോർത്ത് ചേർത്ത് പിടിച്ച് ഫോട്ടോ എടുക്കുകയാണ് ചെയ്തത്.
ഈ ചിത്രങ്ങൾ നവ മാധ്യമങ്ങളിൽ വൈറലായി. “എൻ നൻപനെ പോലാരുമില്ലേ’ എന്ന കുറിപ്പോടെയാണ് ദിലീപ് ഫാൻസ് ചിത്രം നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ ഏറ്റുമുട്ടിയ ഇരുവരും വർഷങ്ങൾക്ക് ശേഷമാണ് കണ്ടുമുട്ടുന്നത്. നടിയെ ആക്രമിച്ച കേസ് ലിബർട്ടി ബഷീർ അടക്കമുള്ളവരുടെ ഗുഢാലോചനയാണെന്ന ദിലീപിന്റെ ആരോപണത്തെ തുടർന്ന് അഡ്വ. വി.ആർ. നാസർ മുഖാന്തരം ലിബർട്ടി ബഷീർ ദിലീപിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു.
ഈ കേസിൽ ദിലീപ് ഇന്ന് കോടതിയിൽ ഹാജരാകണമെന്ന തലശേരി ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
നവാസ് മേത്തർ