ശ്രീജിത് കൃഷ്ണന്
ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ ഭൂമിയിലെ കെട്ടുപാടുകളില്‍നിന്നെല്ലാം വിമുക്തമായി സ്വര്ഗത്തിലിരിക്കുമെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ മരിച്ചവരെയും “കെട്ടു’ പാടില്‍നിന്ന് വിമുക്തരാകാന്‍ അനുവദിക്കാത്ത ചില വിഭാഗങ്ങളുണ്ട് കാസര്‍ഗോഡ് ജില്ലയിലെ തുളുനാടന്‍ മേഖലയില്‍.
വര്‍ഷങ്ങള്‍ക്കുമുമ്പേ മരിച്ചുപോയവര്‍ക്ക് കലണ്ടറില്‍ വിവാഹപ്രായമെത്തുമ്പോള്‍ അവരുടെ ആത്മാക്കളെ സങ്കൽപിച്ച് കുടുംബാംഗങ്ങള്‍ വിവാഹച്ചടങ്ങ് നടത്തുക.
കേള്‍ക്കുമ്പോള്‍തന്നെ അതിവിചിത്രമെന്നു തോന്നാവുന്ന ഇങ്ങനെയൊരു ആചാരം തുളുനാടന്‍ ഗ്രാമങ്ങളില്‍ കാലങ്ങളായി നിലനിൽക്കുന്നതാണ്. “പ്രേതക്കല്യാണ’മെന്നാണ് ഈ ചടങ്ങിനെ പൊതുവേ എല്ലാവരും വിളിക്കുന്നത്.
ആണ്‍കുട്ടിയാണ് മരിച്ചുപോയതെങ്കില്‍ അവന് “വിവാഹപ്രായ’മാകുമ്പോള്‍ നേരത്തേ മരിച്ചുപോയ പെണ്‍കുട്ടി “ഉള്ള’ വീടുകളില്‍ ബന്ധുക്കള്‍ വിവാഹാലോചനയുമായി എത്തും.
ജീവിച്ചിരിക്കുന്നവരുടെ കാര്യത്തിലെന്നപോലെ ജാതകപ്പൊരുത്തം, പരസ്പരം വീട് കാണല്‍ ഒക്കെ കഴിഞ്ഞാണ് വിവാഹച്ചടങ്ങ് നടത്തുക. ചെക്കനും പെണ്ണിനും പരസ്പരം ഇഷ്ടപ്പെട്ടോയെന്നു പറയാന്‍ ജ്യോതിഷിയും ഹാജരുണ്ടാകും.
സവത്തില് തന്നെ മരിച്ചുപോയ കുഞ്ഞുങ്ങള്‍ മുതല്‍ വിവാഹപ്രായമെത്താറാകുമ്പോള് അപകടത്തിലോ രോഗം ബാധിച്ചോ മരിച്ചവര്‍ വരെ സ്വാഭാവികമായും പല കുടുംബങ്ങളിലുമുണ്ടാകാം.
വിവാഹപ്രായമെത്തുമ്പോള്‍ ഇവരുടെ വിവാഹച്ചടങ്ങ് നടത്തിയില്ലെങ്കില്‍ തൊട്ടുതാഴെയുള്ള സഹോദരങ്ങളുടെ വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകുമെന്നാണ് ഈ സമുദായങ്ങളിലെ പരമ്പരാഗത വിശ്വാസം.
മോഗേര്‍ എന്ന സമുദായക്കാരാണ് ഇതില്‍ മുന്‍പന്തിയില്‍. സാധാരണക്കാരായ കുടുംബങ്ങളില്‍ നിന്ന് കാശുതട്ടുന്നതിനായി ജ്യോതിഷികളും പരികര്‍മികളും മറ്റും വളര്‍ത്തിയെടുത്തതാണ് ഈ വിശ്വാസമെന്ന് വിളിച്ചുപറയുന്ന ഒരു വിഭാഗവും ഇപ്പോള്‍ ഇവര്‍ക്കിടയില്‍ തന്നെ വളര്‍ന്നുവരുന്നുണ്ട്.
ജാതകപ്പൊരുത്തം മുതല്‍ സമുദായം, ഇല്ലം തുടങ്ങിയ ഘടകങ്ങളെല്ലാം പരിഗണിച്ചാണ് വരനെയും വധുവിനെയും കണ്ടെത്തുക.
മരിച്ച കുഞ്ഞിന് ജാതകം കുറിക്കരുതെന്നും മരിച്ചുപോയവരുടെ ജാതകം കടലിലൊഴുക്കണമെന്നുമൊക്കെ പറയുന്നവരെ ഇന്നാട്ടിലെ ജ്യോതിഷികള്‍ പടിയടച്ച് പിണ്ഡംവയ്ക്കും.
മരിച്ചുപോയ ആളിന്റെ അനുജന്റെയോ അനുജത്തിയുടെയോ കല്യാണം നടക്കണമെങ്കില്‍ ആദ്യം “പ്രേതക്കല്യാണം’ നടത്തിയേ തീരൂവെന്നാണ് ജ്യോതിഷികളുടെ പക്ഷം.
അല്ലെങ്കില്‍ തന്നേക്കാള്‍ ഇളപ്പമുള്ള ആള് തന്നെ മറികടന്ന് ദാമ്പത്യജീവിതം ആസ്വദിക്കുന്നതുകണ്ട് അസൂയയും ഇച്ഛാഭംഗവും മൂലം പ്രേതാത്മാവ് വന്ന് എല്ലാം കുളമാക്കും.
ഇതു പേടിച്ച് വീട്ടുകാര്‍ ചെക്കനെയോ പെണ്ണിനെയോ അന്വേഷിച്ചിറങ്ങും. മിക്കവാറും ജ്യോതിഷികളുടെ അടുത്തുതന്നെ സമീപപ്രദേശങ്ങളിലുള്ള ആത്മാക്കളുടെ പട്ടികയുണ്ടാകും.
ജാതകവും മറ്റു ഘടകങ്ങളും യോജിച്ചുകഴിഞ്ഞാല്‍ പിന്നെ ബന്ധുക്കള്‍ പരസ്പരം വീട് സന്ദര്‍ശിക്കും. വിവാഹതീയതി കുറിച്ചുകഴിഞ്ഞാല് കല്യാണക്കുറിയുള്പ്പെടെ അച്ചടിച്ച് അടുത്ത ബന്ധുക്കളെയും നാട്ടുകാരെയും വിളിക്കും.
കല്യാണച്ചെലവ് രണ്ടു വീട്ടുകാരും പങ്കിട്ടെടുക്കും. ചടങ്ങ് നടത്തുക വധുവിന്റെ വീട്ടിലാണ്. സ്വര്‍ണത്തിന്റെയോ സ്ത്രീധനത്തിന്റെയോ ആവശ്യമില്ലാത്തത് പെണ്‍വീട്ടുകാര്‍ക്ക് ചെറിയൊരാശ്വാസം.
പ്രേതങ്ങളുടെ സൗകര്യംകൂടി പരിഗണിച്ച് മിക്കവാറും രാത്രിയിലായിരിക്കും വിവാഹച്ചടങ്ങുകള്‍ നടത്തുക. കൊട്ടും കുരവയും താലികെട്ടും സദ്യയുമെല്ലാം ഉണ്ടാകും.
വധൂവരന്മാരുടെ സ്ഥാനത്ത് വൈക്കോലുകൊണ്ടുള്ള ചെറിയ രൂപങ്ങളുണ്ടാക്കി ആണിന്റെയോ പെണ്ണിന്റെയോ മുഖംമൂടിയും വച്ച് കസേരകളില്‍ സ്ഥാപിക്കും.
രണ്ടു രൂപങ്ങളെയും അത്യാവശ്യം അലങ്കരിക്കും. വധുവിനെ മുല്ലപ്പൂവും ചൂടിക്കും. കരിമണിയില്‍ കോര്‍ത്ത താലിമാല വരന്റെ ബന്ധുക്കള്‍ വധുവിന്റെ കഴുത്തില്‍ അണിയിക്കും.
ചടങ്ങുകളും സദ്യയും കഴിഞ്ഞ് ആഘോഷമായിത്തന്നെ വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുവരും. പക്ഷേ പ്രേതങ്ങളെ അങ്ങനെയാരും വീട്ടിലേക്ക് സ്വീകരിച്ചാനയിക്കില്ലല്ലോ.
കഴിഞ്ഞതെല്ലാം കഴിഞ്ഞു, ഇനി നിങ്ങളായി നിങ്ങളുടെ പാടായി എന്നും പറഞ്ഞ് അപ്പോള്‍തന്നെ രണ്ടു രൂപങ്ങളെയും
കാഞ്ഞിരമരത്തിന്റെയോ പാലമരത്തിന്റെയോ ചുവട്ടില്‍ കൊണ്ടുചെന്നുവയ്ക്കും.
കല്യാണത്തിന് ഉപയോഗിച്ച് സാധനങ്ങളും അവിടെതന്നെ വയ്ക്കും. ഇതോടെ ഇവര്‍ പരലോകത്തുവച്ച് ദാമ്പത്യത്തിലേക്ക് കടക്കുകയാണെന്നാണ് വിശ്വാസം.
ഇവരുടെ സഹോദരങ്ങള്‍ക്കു മാത്രമല്ല, ഗ്രാമത്തില്‍ അവരേക്കാള്‍ ഇളപ്പമുള്ള യുവതീയുവാക്കള്ക്കൊന്നും തന്നെ പിന്നീട് മംഗല്യഭാഗ്യത്തിന് തടസമൊന്നും ഉണ്ടാവില്ലെന്നാണ് വയ്പ്.
വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കല്യാണത്തിന് ശേഷവും ബന്ധം നിലനിര്‍ത്തും. വര്‍ഷത്തിലൊരിക്കലെങ്കിലും ഇരു വീട്ടുകാരും പരസ്പരം വീടുകള്‍ സന്ദര്‍ശിക്കും.
കുടുംബാംഗങ്ങളുടെ കല്യാണച്ചടങ്ങുകളിലും മറ്റും ബന്ധുക്കളെന്ന നിലയില്‍ തന്നെ പങ്കെടുക്കുകയും ചെയ്യും.തെക്കന്‍ കര്‍ണാടകത്തിലെ ഉള്‍ഗ്രാമങ്ങളിലും സമാനമായ ആചാരം നിലനിൽക്കുന്നുണ്ട്.
അവിടങ്ങളില്‍ വൈക്കോല്രൂപങ്ങള്ക്കു പകരം വധൂവരന്മാരുടെ ആത്മാക്കളെ ഓരോ തേങ്ങകളില്‍ ആവാഹിച്ച് കമുകിന് പൂക്കുലയ്ക്കു മുകളില്‍ ആ തേങ്ങകള്‍ വച്ചാണ് ചടങ്ങ് നടത്തുന്നത്.
അടുത്തിടെ ശ്രദ്ധിക്കപ്പെട്ട വി.എം. മൃദുലിന്റെ “കുളെ’ എന്ന ചെറുകഥയിലും പ്രേതക്കല്യാണമാണ് വിഷയമാകുന്നത്.
കല്യാണക്കുറി അച്ചടിക്കുന്നതുള്പ്പെടെ സാധാരണ കല്യാണച്ചടങ്ങുകളിലെ മിക്കവാറും എല്ലാ പരിപാടികളുമുണ്ടെങ്കിലും ഫോട്ടോ-വീഡിയോഗ്രാഫര്‍മാരെ മാത്രം പ്രേതക്കല്യാണങ്ങളില് പൊതുവേ കാണാറില്ല.
ആചാരപരമായി നടത്തുന്ന ചടങ്ങ് പുറത്തുനിന്നുള്ളവര്‍ അധികം അറിയേണ്ടെന്ന കരുതലാകാം. അതോ ഇനി പ്രേതങ്ങള്‍ പൊതുവേ ഫോട്ടോയില്‍ പതിയാത്തതുകൊണ്ട് അവര്ക്കിതില് താത്പര്യമുണ്ടാവില്ലെന്ന് കരുതിയിട്ടാവുമോ എന്നും അറിയില്ല.
വൈക്കോല്‍ കൊണ്ടുള്ള പ്രതീകാത്മക രൂപങ്ങള്‍ക്കു പകരം വധൂവരന്മാരുടെ ഫോട്ടോയും എവിടെയും ഉപയോഗിച്ചുകാണാറില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു പോയവരുടെരാണെങ്കില് കുട്ടിക്കാലത്തെ ഫോട്ടോ മാത്രമേ ഉണ്ടാവൂ എന്നതുകൊണ്ടാവാം.
ജീവിച്ചിരിപ്പുള്ള സഹോദരങ്ങളെ പോലെ വിവാഹജീവിതം നയിക്കുന്നതിനുള്ള പ്രേതാത്മാവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനാണല്ലോ പ്രേതക്കല്യാണം നടത്തുന്നത്.
അപ്പോള്‍പിന്നെ ജീവിച്ചിരിപ്പുള്ളവരെ പോലെതന്നെ കല്യാണ വീഡിയോയും സേവ് ദ ഡേറ്റുമൊക്കെ എടുക്കണമെന്നും ന്യൂജന്‍ ആത്മാക്കള്‍ക്ക് ആഗ്രഹമുണ്ടാവില്ലേ…?
കാലം ഇനിയും മുന്നോട്ടുപോകുമ്പോള്‍ ഒരുപക്ഷേ വധൂവരന്മാരുടെ ഈ പ്രായമെത്തുമ്പോഴുള്ള രൂപം ത്രീഡി ഹോളോഗ്രാം പ്രൊജക്ഷനിലൂടെ അവതരിപ്പിച്ചും പ്രേതക്കല്യാണങ്ങള്‍ നടത്തുമായിരിക്കും.