തിരുവനന്തപുരം: പാറശാലയില്‍ യുവാവിനെ വിഷം നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ നേരത്തെയും വധശ്രമം നടന്നതായി പ്രതി ഗ്രീഷ്മയുടെ മൊഴി.
ഷാരോണിനെ കോളജില്‍വച്ചും കൊല്ലാന്‍ ശ്രമിച്ചെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു.യുവാവ് പഠിച്ച നെയ്യൂർ സിഎസ്ഐ കോളജില്‍വച്ച് ജ്യൂസില്‍ ഡോളോ ഗുളികകള്‍ കലര്‍ത്തി നല്കി. അന്‍പതില്‍ അധികം ഗുളികകള്‍ തലേന്നു കുതിർത്ത് കൈയില്‍ കരുതിയിരുന്നു.
പിന്നീട് കോളജിലെത്തിയശേഷം ശുചിമുറിയിൽ കയറി ഇത് ജ്യൂസിൽ കലർത്തി. തുടർന്ന് ഷാരോണുമായി ജ്യൂസ് ചലഞ്ച് നടത്തുകയായിരുന്നെന്നുമാണ് മൊഴി. ഇത് കുടിച്ച ഷാരോണ്‍ കൈയ്പ്പ് മൂലം തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പറഞ്ഞു.
ഷാരോണിനെ കൊലപ്പെടുത്താനുള്ള പ്രതിയുടെ രണ്ടാമത്തെ ശ്രമമാണ് കോളജിൽവച്ച് നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുമായി കോളജിലെത്തി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.