ചെങ്ങന്നൂർ: ഭർത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതരമായ പരിക്ക്. മുളക്കുഴ കാരയ്ക്കാട് കളത്തിലേത്ത് പടിഞ്ഞാറേതിൽ കെ.ജി. ജയന്തി (48)ക്കാണ് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്. തിങ്കൾ രാത്രി 10ന് ജയന്തിയുടെ വീട്ടിൽ വച്ചാണ് സംഭവം.
സംഭവത്തെത്തുടർന്ന് ഭർത്താവ് മുളക്കുഴ പെരിങ്ങാല പൂതംകുന്ന് വീട്ടിൽ പി.എൻ. പ്രസന്നനെ (58) ചെങ്ങന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
നെഞ്ചത്തും വയറ്റിലും നാലിലേറെ കുത്തേറ്റ ജയന്തിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി.
ജയന്തി ഭർത്താവുമായി പിണങ്ങി മക്കളോടൊപ്പം മാസങ്ങളായി കാരയ്ക്കാട്ടുള്ള സ്വന്തം വീട്ടിലാണ് താമസം. പ്രസന്നനെതിരേ ചെങ്ങന്നൂർ കോടതിയിൽ പോക്സോ കേസ് നിലവിലുണ്ട്.
എന്നാൽ, പോലീസ് ഈ വിഷയത്തിൽ സംശയമുള്ളതിനാൽ കൂടുതൽ അന്വേഷണം നടത്തിവരുന്നു.25 വർഷമായി വിദേശത്തായിരുന്ന പ്രസന്നൻ കഴിഞ്ഞ ഒന്നരവർഷമായി നാട്ടിലുണ്ട്.
സമ്പാദിച്ച സ്വത്തുക്കൾ ഭാര്യ കൈവശപ്പെടുത്തിയതായി ബന്ധുക്കൾ പറയുന്നു. ഭാര്യയുടെ പരാതിയെതുടർന്ന് പ്രസന്നന്റെ സ്വത്തുക്കളെല്ലാം കോടതി അറ്റാച്ച് ചെയ്തതിനെത്തുടർന്നുണ്ടായ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നും കൊലപാതകശ്രമത്തിനു കേസെടുത്തെന്നും സിഐ ജോസ് മാത്യു പറഞ്ഞു.