ഉപ്പുതറ: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ സ്വർണമാല അപഹരിച്ചു വിറ്റ കേസിൽ അമ്മയെയും മകനെയും ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു.
ചീന്തലാർ ഒന്നാം ഡിവിഷൻ ലയത്തിൽ ശശിയുടെ ഭാര്യ സ്റ്റെല്ല (40), മകൻ പ്രകാശ് (20 ) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചീന്തലാർ സ്വദേശികളായ പ്രിൻസ് – അനീഷ ദമ്പതികളുടെ ഒരു വയസുള്ള മകന്റെ കഴുത്തിലുണ്ടായിരുന്ന പതിമൂന്ന് ഗ്രാം തൂക്കംവരുന്ന സ്വർണമാല കഴിഞ്ഞ 23നാണ് നഷ്ടമായത്. വീടിനുള്ളിലും പരിസരത്തുമെല്ലാം പരിശോധന നടത്തിയെങ്കിലും മാല ലഭിക്കാതെ വന്നതോടെ ഉപ്പുതറ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് അന്വേഷണം തുടങ്ങിയതോടെ സമീപവാസികളായ സ്റ്റെല്ലയും പ്രകാശും മുങ്ങി.കാറ്റാടിക്കവലയിൽ ഓട്ടോ ഡ്രൈവറായ പ്രകാശ് അവിടെത്തന്നെ ഓട്ടോ ഓടിക്കുന്ന മറ്റൊരു ഡ്രൈവറോട് അമ്മയുടെ സ്വർണം മുണ്ടക്കയത്തു വിറ്റതായി പറഞ്ഞിരുന്നു.
ഇതേത്തുടർന്ന് പോലീസ് ഇയാളെ നിരീക്ഷിക്കാനായി ആളെ ഏർപ്പെടുത്തിയിരുന്നു.തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ഒന്നോടെ ഉപ്പുതറയിൽനിന്നു സ്വകാര്യ ബസിൽ അമ്മയും മകനും കട്ടപ്പനയ്ക്കു പോകുന്നതായി ഉപ്പുതറ സർക്കിൾ ഇൻസ്പെക്ടർക്ക് വിവരം ലഭിച്ചു.
തുടർന്ന് സ്വരാജിൽ സിഐ ഇ. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ബസ് തടഞ്ഞുനിർത്തി യാത്രക്കാരെ ചോദ്യംചെയ്തു. എന്നാൽ പ്രകാശും സ്റ്റെല്ലയും പേര് മാറ്റിപ്പറയുകയും തമിഴ്നാട് സ്വദേശികളാണെന്ന് അറിയിക്കുകയും ചെയ്തു.
മുഖപരിചയം തോന്നിയ സ്റ്റെല്ലയെയും മകനെയും പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോൾ പിടിവീഴുമെന്ന് മനസിലായി പ്രകാശ് ഓടി ഇടുക്കി ഡാമിലേക്കു ചാടി.
നാട്ടുകാരുടെ സഹായത്തോടെ പ്രകാശിനെ രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നു നടന്ന ചോദ്യംചെയ്യലിൽ പ്രതികൾ മാല അപഹരിച്ചു മുണ്ടക്കയത്തുള്ള ജ്വല്ലറിയിൽ വിറ്റെന്നും അവിടെനിന്നു മറ്റൊരു ആഭരണം വാങ്ങിയത് ഏലപ്പാറയിൽ വിറ്റെന്നും സമ്മതിച്ചു.
ഡിവൈഎസ്പി. ജെ. കുര്യാക്കോസിന്റെ നിർദേശാനുസരണം സിഐ ഇ. ബാബു, എസ്ഐ കെ.എം. ഏബ്ര, സിപിഒമാരായ ആന്റണി സെബാസ്റ്റ്യൻ, കെ.എക്സ്. ഷിബു, കെ.പി. ഷിമാൻ, എസ്. അഭിലാഷ്, പി.എൻ. നിഷാദ് എന്നിവർ ചേർന്നാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. കോടതി റിമാൻഡുചെയ്ത പ്രതികളെ കാക്കനാട്ടെ ജയിലിലേക്ക് അയച്ചു.