വാഴ്സ: ഒരു പ്രസ്താവനയുടെ പേരില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് പോളീഷ് നേതാവ് ജറോസ്ളേവ് കാസിന്‍സ്കി. കാസിന്‍സ്കി അത്ര നിസാരക്കാരനല്ല, പോളണ്ടിലെ ഭരണകക്ഷി നേതാവ് കൂടിയാണ് അദ്ദേഹം.
ജനന നിരക്കു കുറയാന്‍ കാരണം സ്ത്രീകളുടെ അമിത മദ്യപാനമാണെന്നായിരുന്നു കാസിന്‍സ്കിയുടെ പ്രസ്താവന.യുവതികള്‍ 25 വയസു വരെ മദ്യപിച്ചാല്‍ കുട്ടികളുണ്ടാകില്ല.
എന്നാല്‍, പുരുഷന്മാരെ ഇതു ബാധിക്കില്ലത്രെ! അതുമാത്രമല്ല, വിചിത്രമായ മറ്റൊരു അഭിപ്രായപ്രകടനവും അദ്ദേഹം നടത്തി.
രണ്ടു വര്‍ഷം തുടര്‍ച്ചയായി മദ്യപിച്ചാല്‍ സ്ത്രീകള്‍ മദ്യത്തിന് അടികളാകുമെന്നും അതേസമയം, പുരുഷന് മദ്യപാനത്തിന് അടിമകളാകണമെങ്കില് ശരാശരി 20 വര്‍ഷമെങ്കിലും അമിതമായി മദ്യപിക്കണമെന്നും കാസിന്‍സ്കി പറഞ്ഞു.
ഒരു ഡോക്ടറുടെ അനുഭവത്തെ അടിസ്ഥാനമാക്കിയാണ് തന്റെ വാദമെന്നും കാസിന്‍സ്കി.കാസിന്‍സ്കിയുടെ പ്രസ്താവനയ്ക്കെതിരേ വന്‍ പ്രതിഷേധമാണുയര്‍ന്നത്.
കാസിന്‍സ്കിയുടെ ഈ പ്രസ്താവന അമിത മദ്യപാനത്തെത്തുടര്‍ന്നുണ്ടായ മര്യാദകേടാണെന്ന് പലരും അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ മത്രമല്ല, രാഷ്ട്രീയക്കാരും സെലിബ്രിറ്റികളുമെല്ലാം കാസിന്‍സ്കിയുടെ പരാമര്‍ശത്തെ പരസ്യമായി വിമര്‍ശിച്ചു രംഗത്തെത്തി.
കാസിന്സ്കിയുടേതു മണ്ടത്തരവും പുരുഷാധിപത്യപരവുമായ പരാമര്‍ശമാണെന്നാണ് വിമര്‍ശനം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഓരോ സ്ത്രീക്കും 1.3 കുട്ടികളെന്നതാണ് പോളണ്ടിലെ നിലവിലെ ജനന നിരക്ക്. ഇത് യൂറോപ്യന്‍ യൂണിയന് ശരാശരിക്ക് താഴെയാണ്.
വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാകില്ലല്ലോ. എന്തായാലും തന്റെ അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടു പുലിവാലു പിടിച്ചിരിക്കുകയാണ് കാസിന്‍സ്കി.