ചെട്ടികുളങ്ങര: ഓട്ടിസം ബാധിച്ച 12 വയസുകാരനെ അച്ഛന് ക്രൂരമായി മര്‍ദിച്ചെന്നു പരാതി. ചെട്ടികുളങ്ങര കൈതവടക്ക് രാഹുല്‍ ഭവനത്തില്‍ രാജീവാണ് മകന് കാശിനാഥിനെ ക്രൂരമായി മര്‍ദിച്ചത്.
ചെട്ടികുളങ്ങര ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് കാശിനാഥ്. മദ്യപിച്ചെത്തുന്ന രാജീവ് മകനെ തല്ലുകയും തലകൊണ്ട് മുഖത്തിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മര്‍ദനമേല്‍ക്കുന്ന സമയമെല്ലാം നിര്‍വികാരനായി അച്ഛനൊപ്പം ഇരിക്കുന്ന മകന്റെ ദൃശ്യങ്ങള്‍ നൊമ്പരമുളവാക്കുന്നു. നേരത്തെയും ഇയാള്‍ മകനെ മര്‍ദിച്ചിട്ടുണ്ടെന്നും പോലീസില്‍ പരാതി നല്‍കിയതോടെ പോലീസ് വിവരങ്ങള്‍ ശേഖരിച്ചു മടങ്ങുകയായിരുന്നു.
അന്നു ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍, തുടര്‍ന്നും മദ്യപിച്ചെത്തി ഇയാള്‍ മകനെ ഉപദ്രവിക്കുമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ദൃശ്യങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. മാവേലിക്കര പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.