ചേർത്തല: സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കാർ ഡ്രൈവര്‍ മിനിലോറി ഡ്രൈവർക്കു നേരെ കുരുമുളക് ലായനി സ്പ്രേ ചെയ്ത സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
കഴിഞ്ഞ എട്ടിന് വൈകുന്നേരം ചേർത്തല അപ്സര കവലയിൽ സപ്ലൈകോയുടെ വാതിൽപ്പടി സേവനത്തിന്റെ ഭാഗമായി പോയ മിനി ലോറിയിലെ ജീവനക്കാരായ ചേര്‍ത്തല നഗരസഭ മൂന്നാം വാർഡിൽ പുതുവൽ നികർത്തൽ സുരേഷ് (54), 32-ാം വാർഡ് പുത്തൻപുരയ്ക്കൽ പി.പി. പൈലി (65), നഗരസഭ മൂന്നാം വാർഡിൽ ഗുടേക്കർ നികർത്ത് വീട്ടിൽ അഖിൽ (24) എന്നിവര്‍ക്കാണ് കുരുമുളക് ലായനി സ്പ്രേ ഏറ്റത്.
ഇവര്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കഞ്ഞിക്കുഴിയിൽനിന്നു ധാന്യങ്ങൾ ഇറക്കിവന്ന മിനിലോറി ചേർത്തലയിൽ എത്തിയപ്പോൾ അശ്രദ്ധയോടെ എതിരേ വന്ന കാർ മിനിലോറിക്ക് കടന്നുപോകാൻ സൈഡ് കൊടുത്തില്ല.
ഇതേത്തുടർന്ന് ചോദ്യം ചെയ്തതോടെ കാർ ഡ്രൈവർ കുരുമുളക് ലായനി സ്പ്രേ ചെയ്യുകയായിരുന്നു. സംഭവത്തെത്തുടർന്ന് അമിതവേഗത്തിൽ ഓടിച്ചുപോയ കാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു കിഴക്കുവശം പിടികൂടുകയായിരുന്നു.
ലോറിയിലുണ്ടായിരുന്നവര്‍ കണ്ണില്‍ അസഹ്യമായ വേദനയെത്തുടര്‍ന്ന് ചേർത്തല താലൂക്കാശുപത്രിയിൽ ചികിത്സതേടി. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരേ പോലീസ് നടപടി സ്വീകരിക്കാത്തില്‍ പ്രതിഷേധം വ്യാപകമാണ്.
കുറ്റക്കാർക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ ചേർത്തല മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആക്രമണം നടത്തിയവർക്കെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്നും ഇവരുടെ ക്രിമിനൽ പശ്ചാത്തലം പോലീസ് അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും സിപിഐ മണ്ഡലം സെക്രട്ടറി എം.സി. സിദ്ധാർഥൻ പറഞ്ഞു.