തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ ശബ്ദപരിശോധന ഇന്ന് നടത്തും. ആകാശവാണി സ്റ്റുഡിയോയിൽ വച്ച് ഗ്രീഷ്മയുടെ ശബ്ദസാംപിളുകൾ ശേഖരിക്കും.
ഷാരോണും ഗ്രീഷ്മയും തമ്മിൽ നടത്തിയ വാട്ട്സ് ആപ്പ് വോയിസ് ക്ലിപ്പുകളിലെ ശബ്ദം ഗ്രീഷ്മയുടേതാണെന്ന് സ്ഥിരീകരിക്കാനാണ് ശബ്ദ പരിശോധന നടത്തുന്നത്.
ഇന്നലെ തമിഴ്നാട്ടിൽ എത്തിച്ച് ഗ്രീഷ്മയെ തെളിവെടുപ്പ് നടത്തിയിരുന്നു. ഷാരോണ്‍ പഠിച്ചിരുന്ന നെയ്യൂരിലെ കോളജിലും ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന തൃപ്പരപ്പിലെ ഹോട്ടലിലും ഗ്രീഷ്മയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ഷാരോണിന്റെ കോളജിൽ വച്ച് ജ്യൂസിൽ അന്‍പതോളം ഡോളോ ഗുളികകൾ കലർത്തി നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു കോളജിലെ തെളിവെടുപ്പ്.
തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെത്തിച്ചിരുന്നു. ഇന്ന് രാവിലെ ആകാശവാണിയിൽ വച്ച് നടത്തുന്ന ശബ്ദപരിശോധനയ്ക്ക് ശേഷം ഗ്രീഷ്മയെ കോടതിയിൽ ഹാജരാക്കും.
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മൽകുമാറിനെയും നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.