ചങ്ങനാശേരി: വിദ്യാർഥികളെയും യുവാക്കളെയും വലവീശി ചങ്ങനാശേരി കേന്ദ്രമാക്കി ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നതായി സൂചന.
നഗരത്തിലെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും ഇടവഴികളിലുമാണ് സംഘങ്ങളുടെ പ്രവർത്തനമെന്നാണ് വിവരം.
യുവാക്കളടങ്ങുന്ന സംഘങ്ങളാണ് വിദ്യാർഥികളെ വലയിൽ വീഴ്ത്താനെത്തുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്.
എംഡിഎംഎയും കഞ്ചാവും മിഠായി രൂപത്തിലുള്ള ലഹരിമരുന്നുകളുമാണ് ഇത്തരക്കാർ വിതരണം ചെയ്യുന്നതെന്നാണ് പോലീസിനും എക്സൈസിനും ലഭിച്ചിരിക്കുന്ന വവരം.
പെണ്‍കുട്ടികളെയും ലഹരിസംഘങ്ങൾ ടാർജറ്റ് ചെയ്യുന്നതായി സൂചനകളുണ്ട്.
22ഗ്രാം കഞ്ചാവുമായി ചങ്ങനാശേരി നഗരമധ്യത്തിൽനിന്നു കഴിഞ്ഞയാഴ്ച രണ്ടു യുവാക്കളെ ചങ്ങനാശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
വിദ്യാർഥികൾക്കു വിതരണം ചെയ്യുന്നതിന് രഹസ്യമായി എത്തിച്ച കഞ്ചാവാണ് ഇവരിൽനിന്ന് എക്സൈസ് സംഘം പിടികൂടിയത്.
ഇവരെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. രണ്ടുമാസം മുന്‍പ് തുരുത്തി ഭാഗത്തുള്ള വർക്ക്ഷോപ്പിനടുത്ത് സൂക്ഷിച്ചിരുന്ന സ്കൂട്ടറിൽനിന്നു കഞ്ചാവടക്കം ലഹരിമരുന്നുകൾ ചങ്ങനാശേരി പോലീസ് പിടികൂടിയിരുന്നു.
ലഹരിവസ്തുക്കൾ പിടികൂടിക്കഴിയുന്പോൾ കേസൊതുക്കാൻ വൻസമ്മർദമാണ് എകസൈസിന്റെയും പോലീസിന്റെയും മേലുണ്ടാകുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം, ചങ്ങനാശേരി നഗരത്തിലും സമീപ കവലകളിലും നിരോധിത പുകയില ഉത്പന്ന വിൽപ്പന വർധിച്ചതായും പരാതികൾ ഉയരുന്നുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാന്പുകൾ കേന്ദ്രീകരിച്ച് വ്യാപക തോതിൽ ലഹരിമരുന്നു വിൽപ്പന നടത്തുന്നതായി പരാതിയുണ്ട്.
ഇത്തരത്തിൽപ്പെട്ട ഒരു കേസിലെ പ്രതിയെ ഇന്നലെ പായിപ്പാട്ടുനിന്നു ചങ്ങനാശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. പി. പ്രവീണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.
വെസ്റ്റ് ബംഗാൾ മാൾഡ ജില്ലയിൽ റിത്വാ താലൂക്കിൽ മിർദാപ്പൂർ സ്വദേശി മുക്തർ ഖാൻ(27) നെയാണ് അറസ്റ്റ് ചെയ്തത്.
രണ്ടു ഗ്രാം ബ്രൗണ്‍ഷുഗറും പൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവും ഇയാളുടെ പക്കൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്.
വെസ്റ്റ് ബംഗാൾ, ജാർഖണ്ഡ്, ഹരിയാന, ഒറീസ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് തൊഴിലാളികളിൽ ചിലർ കഞ്ചാവും മറ്റ് ലഹരി ഉത്പന്നങ്ങളും ട്രെയിൻമാർഗം കടത്തിക്കൊണ്ടുവരുന്നതെന്നാണ് സൂചനകൾ ലഭിക്കുന്നത്.
ലഹരിബോധവത്കരണവുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും വ്യാപകമായ പ്രവർത്തനം നടത്തുന്പോഴും ലഹരിമാഫിയകളെ അമർച്ച ചെയ്യാൻ പോലീസിന്റെയും എക്സൈസിന്റെയും ഭാഗത്തുനിന്ന് ആത്മാർഥമായ പ്രവർത്തനം ഉണ്ടാകുന്നില്ലെന്നുള്ള ആക്ഷേപം ശക്തമാണ്.