മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയാണ് തെന്നിന്ത്യൻ നടി രശ്മിക മന്ദാന. ചെയ്ത സിനിമകളിൽ ഭൂരിഭാഗവും ഹിറ്റായതാണ് രശ്മികയെ സിനിമാ ലോകത്തിന് പ്രിയങ്കരി ആക്കിയത്.
‘പുഷ്പ’യാണ് രശ്മികയുടെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തിയത്. ഇതിന് ശേഷം ബോളിവുഡിൽനിന്നു നടിക്ക് അവസരങ്ങൾ വന്നുകൊണ്ടിരിക്കുന്നു.
അതേസമയം നടിക്കെതിരേ നിരന്തരമായി ട്രോളുകളും വരാറുണ്ട്. ഇപ്പോഴിതാ തനിക്ക് നേരേ വരുന്ന ട്രോളുകൾക്കും അധിക്ഷേപങ്ങൾക്കുമെതിരേ സംസാരിച്ചിരിക്കുകയാണ് രശ്മിക മന്ദാന.
കരിയർ തുടങ്ങിയ കാലം മുതൽ എനിക്കെതിരേ ട്രോളുകൾ വരുന്നു. ഞാൻ തെരഞ്ഞെടുത്ത ജീവിതത്തിൽ ഒരു വില നൽകേണ്ടതുണ്ടെന്ന് അറിയാം.
ഞാൻ എല്ലാവർക്കും പ്രിയങ്കരി അല്ലെന്ന് എനിക്കറിയാം. പക്ഷെ അതിനർഥം നിങ്ങൾ എന്നെ അപ്രൂവ് ചെയ്യുന്നെന്നോ നിങ്ങൾക്ക് നെഗറ്റിവിറ്റി തുപ്പാമെന്നോ അല്ല.
എന്റെ വർക്കിലൂടെ നിങ്ങൾക്ക് തോന്നുന്ന സന്തോഷത്തിനാണ് ഞാൻ ഏറ്റവും പ്രാധാന്യം നൽകുന്നത്.
എനിക്കും നിങ്ങൾക്കും അഭിമാനിക്കാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. ഞാൻ പറയാത്ത കാര്യങ്ങൾക്ക് എന്നെ പരിഹസിക്കുന്നത് ഹൃദയഭേദകവും അധാർമികവും ആണ്.
ഞാൻ അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങളുടെ ചെറിയ ഭാഗങ്ങൾ എനിക്കെതിരേ വരുന്നു. ഇന്റർനെറ്റിൽ പരക്കുന്ന തെറ്റായ വ്യാഖ്യാനങ്ങൾ എന്നെയും ഇൻഡസ്ട്രിക്ക് അകത്തും പുറത്തുമുള്ള എന്റെ ബന്ധങ്ങളെയും ബാധിക്കുന്നു.
കാര്യമാത്രപ്രസക്തയ വിമർശനങ്ങളെ സ്വീകരിക്കുന്നു. എന്നാൽ നികൃഷ്ടമായ നെഗറ്റിവിറ്റിയും വിദ്വേഷവും എന്തിനാണ്.
അത് അവഗണിക്കണമെന്നാണ് വളരെക്കാലമായി എന്നോട് പറഞ്ഞിട്ടുള്ളത്. പക്ഷെ ഇത് വഷളാവുന്നേ ഉള്ളൂ.
തനിക്ക് നേരെ വരുന്ന വിദ്വേഷത്തിന്റെ പേരിൽ സ്വയം മാറാൻ താൽപര്യമില്ല. എനിക്ക് ആരാധകരിൽനിന്നു ലഭിക്കുന്ന സ്നേഹം കണ്ടില്ലെന്ന് നടിക്കുകയല്ല -രശ്മിക വ്യക്തമാക്കി.
ദുൽഖർ സൽമാൻ, ഹൻസിക മോട് വാണി അടക്കമുള്ള നിരവധി താരങ്ങൾ രശ്മികയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. നിന്നെപ്പോലെ ആവാൻ ആഗ്രഹിക്കുന്നവരിൽനിന്നാണ് സ്നേഹം വരുന്നത്.
വെറുപ്പ് ഒരിക്കലും അതിന് കഴിയാത്തവരിൽ നിന്നും. നീ നീയായിരിക്കൂ-ദുൽഖർ പറഞ്ഞു. സീതാരാമം എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.