സ്വന്തം ലേഖകന്‍
കോഴിക്കോട്: ഓടുന്ന ബസിന്റെ ചില്ലിലേക്കു ചാടിക്കയറി തല കൊണ്ട് ചില്ലടിച്ചു പൊട്ടിക്കുക … ഫുട്ബോള്‍ ജ്വരം തലയ്ക്കു പിടിക്കുമ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍ക്ക്.
ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മാറിന്റെ കടുത്ത ആരാധകനാണെന്നും ബസിന് അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ നിറമായതുകൊണ്ട് ഹെഡ് ചെയ്തതാണെന്നുമാണ് സംഭവ സ്ഥലത്ത് കൂടിയവരോട് യുവാവ് പറഞ്ഞത്.
മലപ്പുറം പെരിന്തല്‍മണ്ണയിലുണ്ടായ സംഭവം വൈറലായിരുന്നു. ഇഷ്ട താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ച് യുദ്ധം കൊഴുക്കുന്നതിനിടയിലാണ് ആവേശത്തിന്റെ സകല സീമകളും ലംഘിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്.
ലോകകപ്പ് ഫുട്ബോള്‍ കപ്പിന് പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ അവശേഷിക്കുന്നുള്ളു.പരമ്പരാഗത വൈരികളായ ബ്രസീലും അര്‍ജന്റീനയും തന്നെയാണ് ഫ്ളക്സ് ബോര്‍ഡുകളില്‍ നിറയുന്നത്.
പോര്‍ച്ചുഗലും സ്പെയിനും ഫ്രാന്‍സും ജര്‍മനിയും ഇറ്റലിയ്ക്കുമെല്ലാം ആരാധകര്‍ക്ക് പഞ്ഞമില്ല. പക്ഷേ, താരങ്ങളോടുള്ള ആരാധനയാണ് കടും കട്ടി.
പച്ചപുതച്ച മൈതാനത്ത് അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടുമ്പോള്‍ കാണാന്‍ കഴിയുന്നത് ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ മുഴുവന്‍ സൗന്ദര്യം കൂടിയാണ്.
പരമ്പരാഗത വൈരികളാണെങ്കിലും പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം ഇവര്‍ തമ്മിലുള്ള കലാശക്കളി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ മലബാറിലുമുണ്ട്.
അതുകൊണ്ട് തന്നെയാണ് ലോകകപ്പ് ഫുട്ബോളിനെ സ്വാഗതം ചെയ്തുകൊണ്ടും അര്ജന്റീനക്കും ബ്രസീലിനും പിന്തുണയേകിയും ഫാന്‍സുകാര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.
സിനിമാ ഡയലോഗുകള്‍ തോറ്റു പോകുന്ന വാക്കുകളാണ് മിക്ക ഫ്ളക്സുകളിലും നിറയുന്നത്.
തീച്ചൂളയില്‍ ജനിച്ച ഞങ്ങള്‍ എന്തിന് തീപ്പെട്ടികൊള്ളികളെ പേടിക്കണമെന്നും മഞ്ഞപ്പടയെ എതിരാളികളായി കിട്ടാതിരിക്കാന്‍ ഉളളുരുകി പ്രാര്‍ഥിച്ചോളൂ എന്നുമാണ് ബ്രസീല്‍ ആരാധകരുടെ മുന്നറിയിപ്പ്.
എന്നാല്‍ ഇത്തവണ ചില കളികള്‍ കാണിക്കാനും ചില കണക്കുകള്‍ തീര്‍ക്കാനുമാണ് എത്തുന്നതെന്നും തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല,
പിന്നെയല്ലെ തകര്‍ക്കാന്‍ എന്ന വാഗ്ധോരണിയുമായി അര്‍ജന്റീനയുടെ ആരാധകരും എത്തിയതോടെ കളിക്കളത്തിന് പുറത്തുള്ള വാശി പടര്‍ന്നു തുടങ്ങി.
ഇത് തന്നെയാണ് ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ സൗന്ദര്യത്തോളം വരുന്ന മലബാറുകാരുടെ കാല്പന്തുകളിയോടുള്ള പ്രണയവും.