സാമിന്റെ അച്ഛന്റെ വെളിപ്പെടുത്തല്‍, സാം കൊല്ലപ്പെടുന്നത് നാട്ടില്‍ നിന്നു മടങ്ങി മൂന്നുദിവസത്തിനുശേഷം, മരണശേഷവും സോഫി വിളിക്കുമായിരുന്നു, കുട്ടിക്കായി നിയമപോരാട്ടം നടത്തും

sofiഓസ്‌ട്രേലിയയില്‍ ഭാര്യയും കാമുകനും കൊലപ്പെടുത്തിയ സാം എബ്രഹമിന്റെ പുതിയ വെളിപ്പെടുത്തല്‍. നാട്ടില്‍ നിന്നു മടങ്ങി മൂന്നാമത്തെ ദിവസമാണ് സാം എബ്രഹാം കൊല്ലപ്പെട്ടതെന്നാണ് സാമിന്റെ അച്ഛന്‍ സാമുവേല്‍ എബ്രഹാം പറയുന്നു. സാമും ഭാര്യ സോഫിയും കുഞ്ഞും ഒന്നിച്ചായിരുന്നു വീട്ടിലെത്തിയത്. വളരെ സന്തോഷത്തോടെയാണ് സോഫി തങ്ങളോട് പെരുമാറിയിരുന്നത്. ഭാര്യയെ സംശയമാണെന്നരീതിയിലുള്ള പെരുമാറ്റം സാമിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് സാം ഭയന്നിരുന്നതായി ബന്ധുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അത്തരത്തിലൊരു സംശയം തങ്ങള്‍ക്കുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സാം ജീവിച്ചിരുന്നപ്പോഴും മരണശേഷവും സോഫി തങ്ങളെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. നാട്ടിലായിരുന്ന സമയത്ത് സോഫിയ്ക്ക് ഇടയ്ക്കിടെ ഫോണ്‍കോളുകള്‍ വന്നിരുന്നതായി സാമിന്റെ ബന്ധുക്കള്‍ നേരത്തെ പറഞ്ഞിരുന്നു. ഫോണ്‍ വരുമ്പോള്‍ സോഫി അസ്വസ്ഥയായിരുന്നു. ആരും കേള്‍ക്കാതെ സംസാരിക്കാനാണ് താല്പര്യപ്പെട്ടിരുന്നത്. വീട്ടുകാരോ ബന്ധുക്കളോ ഇത് അത്ര കാര്യമായെടുത്തതുമില്ല.
സാം ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചുവെന്നാണ് സോഫി വിളിച്ചുപറഞ്ഞത്. എന്നാല്‍, സാമിന് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. നാട്ടില്‍ വന്നപ്പോള്‍ വളരെ ഊര്‍ജ്വസ്വലനായി ഓടി നടക്കുന്ന മകനെയാണ് തങ്ങള്‍ക്ക് കണ്ടത്. സാമിന്റെ കുട്ടിയെ വിട്ടുകിട്ടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്കിയതായും സാമുവല്‍ വ്യക്തമാക്കി. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി വഴിയാണ് അപേക്ഷ നല്കിയത്.

കഴിഞ്ഞവര്‍ഷം ഒക്‌ടോബറിലാണ് സാം എബ്രഹാം ഓസ്‌ട്രേലിയയില്‍ വച്ച് മരിക്കുന്നത്. ഹൃദയാഘാതമെന്ന് എഴുതിത്തള്ളിയ കേസില്‍ ഓസ്‌ട്രേലിയന്‍ പോലീസിന്റെ സമര്‍ഥമായ ഇടപെടലാണ് ഭാര്യയായ സോഫിയെയും കാമുകന്‍ അരുണ്‍ കമലാസനനെയും കുരുക്കിയത്. സയനൈഡ് കുത്തിവച്ച് സാമിനെ കൊലപ്പെടുത്തുകയായിരുന്നു. സോഫിയും അരുണും പോലീസ് കസ്റ്റഡിയിലാണിപ്പോള്‍.

Related posts