കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ട. അരക്കോടിയോളം വിലമതിക്കുന്ന സ്വർണവുമായി 57കാരിയെ പിടികൂടി. നിലമ്പൂർ സ്വദേശിനി ഫാത്തിമയാണ് സ്വർണവുമായി പിടിയിലായത്.
സ്വർണം മിശ്രിത രൂപത്തിലാക്കി വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്.
എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നുഅടിവസ്ത്രത്തിൽ ഉൾപ്പെടെ ഇവർ സ്വർണം തേച്ച് പിടിപ്പിച്ചിരുന്നു.
ഇതിന് പുറമേ കെെയിൽ മോതിരവും ധരിച്ചിരുന്നു. ആകെ 2.121 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് ഇവരിൽ നിന്നും കണ്ടെടുത്തത്.
ഇത് വേർതിരിച്ച് എടുത്തപ്പോൾ 939 ഗ്രാം 24 കാരറ്റ് സ്വർണം ആണ് ലഭിച്ചത്. ഇതിന് പുറമെ 29 ഗ്രാം തൂക്കമുള്ള ഒരു സ്വർണ മോതിരവും ഇവരിൽ നിന്നും കണ്ടെടുത്തു.
ആകെ 968 ഗ്രാം സ്വർണം ആണ് ഫാത്തിമയിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. ഇതിന്റെ അഭ്യന്തര വിപണി മൂല്യം 49.42 ലക്ഷം രൂപ വരും. ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഫാത്തിമ കരിപ്പൂരിൽ എത്തിയത്.