പി. ടി. ബിനു
1990-ല്‍ അമേരിക്കയിലെ ഗ്രിസ് വോള്‍ഡ് കണക്ടികട്ടിലെ മലനിരകളോടു ചേര്‍ന്നുള്ള ചരല് നിറഞ്ഞ മൈതാനത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ശവക്കല്ലറ കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടു.
പതിവായി വിനോദത്തിനെത്തുന്ന സ്ഥലമാണെങ്കിലും അത്തരമൊരു കല്ലറ അതുവരെ കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വിവരം കുട്ടികള്‍ മാതാപിതാക്കളോടു പറഞ്ഞെങ്കിലും ആദ്യം അവര്‍ വിശ്വസിച്ചില്ല.
നേരിട്ടു കണ്ടതിനുശേഷമാണ് അവര്‍ അതൊരു ശവക്കല്ലറയാണെന്നു ശരിവച്ചത്. പോലീസും പുരാവസ്തുഗവേഷകരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ആ മേഖലയെ ഭീതിയിലാഴ്ത്തിയ തുടര്ക്കൊലപാതകി കൊന്നുകുഴിച്ചുമൂടിയ ആരുടെയെങ്കിലും മൃതദേഹാവശിഷ്ടങ്ങളായിരിക്കും കണ്ടെത്തിയതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
എന്നാല്‍, കണക്ടികട്ട് സ്റ്റേറിലെ പുരാവസ്തുഗവേഷകനായ നിക്ക് ബെല്ലന്ടോണിയെ ചില സംശയങ്ങൾ വിടാതെ പിന്തുടർന്നു. അതിനു മതിയായ കാരണങ്ങളുമുണ്ടായിരുന്നു.
കണ്ടെത്തിയ അസ്ഥികള്‍ക്ക് ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുള്ളതായി അദ്ദേഹത്തിനു തോന്നി. അസ്ഥികളുടെ ദ്രവിച്ചുതുടങ്ങിയ അവസ്ഥയും തവിട്ടുനിറവുമാണ് നിക്കിനെ അത്തരത്തില്‍ ചിന്തിപ്പിച്ചത്.
മാത്രമല്ല, തലയോട്ടിക്കു താഴെ തുടയെല്ലുകള്‍ കുറകെയുമാണു വച്ചിരുന്നത്. അതായത് കടല്‍ക്കൊള്ളക്കാരുടെ പതാകയില്‍ തലയോടും എല്ലുകളും വയ്ക്കുന്നപോലെ.
നമ്മുടെ നാട്ടില്‍ വയ്ക്കുന്ന അപായ ബോര്‍ഡുകളില്‍ തലയോടും എല്ലുകളും വരച്ചപോലെ.ഗവേഷണം പുരോഗമിക്കുമ്പോള്‍ ശാസ്ത്രജ്ഞരെത്തേടി നിരവധി കഥകളുമെത്തി.
അതിലൊന്നു രക്തരക്ഷസുമായി ബന്ധപ്പെട്ടതാണ്. 1854-കളില്‍ കണക്ടികട്ടിനു സമീപമുള്ള ജ്വവെറ്റ് സിറ്റിയിലെ ആളുകള്‍ക്കിടയില്‍ രക്തരക്ഷസുമായി ബന്ധപ്പെട്ട കഥകളും ചിലരുടെ അനുഭവങ്ങളെന്ന പേരിലുള്ള സംഭവങ്ങളും പ്രചരിച്ചിരുന്നു.
രാത്രികാലങ്ങളില്‍ തങ്ങളുടെ രക്തം കുടിക്കാന്‍ രക്തരക്ഷസുകള്‍ എത്തുമെന്ന ഭയം നാട്ടുകാര്‍ക്കിടയില്‍ പരന്നിരുന്നു. അത്തരത്തില്‍ സംശയമുണ്ടായിരുന്നവരുടെ ശവക്കല്ലറകള്‍ തുറന്ന് നാട്ടുകാര്‍ അവശിഷ്ടങ്ങള്‍ അവിടെനിന്നു മാറ്റിയിട്ടുണ്ട്.
അക്കാലത്ത് ജ്വവെറ്റ് സിറ്റിയില്‍ ജീവിച്ചിരുന്ന റേ കുടുംബത്തിലെ ആറു പേര് തുടര്‍ച്ചയായി മരിച്ചിരുന്നു. അവരെ രക്തരക്ഷസുകളായാണു നാട്ടുകാര്‍ കണ്ടിരുന്നത്.
രാത്രികാലങ്ങളില്‍ അവര്‍ മനുഷ്യരക്തത്തിനായി ദാഹിച്ചു പുറത്തിറങ്ങുമെന്നു നാട്ടുകാര്‍ ഭയന്നു. അതുമായി ബന്ധപ്പെട്ട് കഥകള്‍ അവിടെ പ്രചരിച്ചിരുന്നു.
അവരുടെ ശവക്കല്ലറകള്‍ പിന്നീട് അവിടെനിന്നു നീക്കം ചെയ്തു. യഥാര്‍ഥത്തില്‍ ക്ഷയരോഗം ബാധിച്ചായിരുന്നു അവരുടെ അന്ത്യം.
ഗ്രിസ് വോള്‍ഡിലെ കല്ലറയില്‍ കണ്ടത് അത്തരത്തിലുള്ള അവശിഷ്ടങ്ങളായിരിക്കുമെന്നാണ് ആദ്യം ഗവേഷകര്‍ കരുതിയിരുന്നത്.
ആഴത്തിലുള്ള തുടര്‍പഠനങ്ങളില്‍ രഹസ്യങ്ങളുടെ ചുരളഴിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു പുരുഷന്റെ അവശിഷ്ടങ്ങളാണ് ഗ്രിസ് വോള്‍ഡില്‍നിന്നു കണ്ടെടുത്തതെന്നു തെളിഞ്ഞു.
2019-ല്‍, ആ മനുഷ്യന്റെ പൂര്‍ണവിവരങ്ങളും ഗവേഷകര്‍ കണ്ടെത്തി. 55 വയസുള്ള കര്‍ഷകന്റെ മൃതദേഹാവശിഷ്ടങ്ങളായിരുന്നു അത്. അദ്ദേഹത്തിന്റെ പേര്, ജോണ്‍ ബാര്ബെര്.
പാരബോണ്‍ നാനോലാബ്സ്, ആംഡ് ഫോഴ്സ്സ് ഡിഎന്‍എ ഐഡന്റിഫിക്കേഷന്‍ ലബോറട്ടറി എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
ബാര്ബെര് മരിച്ചതു ക്ഷയരോഗം ബാധിച്ചാണെന്നും ഗവേഷകര്‍ കണ്ടെത്തി. ജീവിച്ചിരുന്നപ്പോൾ നാട്ടുകാര്‍ അദ്ദേഹത്തെ ഭയത്തോടെയായിരുന്നു കണ്ടിരുന്നത്.
ബാര്ബെര് രക്തരക്ഷസാണെന്നായിരുന്നു നാട്ടുകാരുടെ വിശ്വാസം. അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ട് മേഖലയില്‍ 1800-കളില്‍ രക്തരക്ഷസുമായി ബന്ധപ്പെട്ടു നിരവധി ഭയപ്പെടുത്തുന്ന കഥകളുണ്ടായിരുന്നു.
അക്കാലങ്ങളില്‍ സന്ധ്യകഴിഞ്ഞാല്‍ ആളുകള്‍ വീടിനു പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. രക്തരക്ഷസുകള്‍ രക്തമൂറ്റിക്കുടിച്ചു തങ്ങളെ കൊലപ്പെടുത്തുമെന്ന് നാട്ടുകാര്‍ക്കിടയില്‍ വിശ്വാസമുണ്ടായിരുന്നു.
ക്ഷയരോഗം പൊട്ടിപ്പുറപ്പെട്ട കാലം കൂടിയായിരുന്നു അത്. ക്ഷയരോഗവും രക്തരക്ഷസും തമ്മില്‍ ബന്ധമുണ്ടെന്നും ആളുകള്‍ വിശ്വസിച്ചു.
രാത്രികാലങ്ങളില്‍ കല്ലറകളില്‍നിന്ന് പുറത്തുകടന്ന് രക്തരക്ഷസുകള്‍ രക്തമൂറ്റിക്കുടിക്കുക മാത്രമല്ല, ക്ഷയരോഗവും പടര്‍ത്തുമെന്നും ആളുകള്‍ വിശ്വസിച്ചു.
ക്ഷയരോഗവും രക്തരക്ഷസ് ഭയവും അക്കാലത്ത് ആളുകളെ അക്ഷരാര്‍ഥത്തില്‍ വേട്ടയാടി.ക്ഷയരോഗം ബാധിച്ചു മരിച്ച, രക്തരക്ഷസ് എന്നു നാട്ടുകാര്‍ ഭയപ്പെട്ട ജോണ്‍ ബാര്ബെര് എന്ന കര്‍ഷകന്റെ മുഖം ഫോട്ടോ (3-ഡി ഇമേജ്) യിലൂടെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഫോറന്‍സിക് ശാസ്ത്രജ്ഞര്‍.
ഡിഎന്‍എ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ ബാര്ബെര് വെളുത്തനിറമുള്ള വ്യക്തിയായിരുന്നു. കണ്ണുകള്‍ക്ക് തവിട്ടുനിറം അല്ലെങ്കില്‍ ഹേസല്‍ നിറമായിരുന്നു. മുടിക്ക് കറുപ്പ് അല്ലെങ്കില്‍ തവിട്ടുനിറമായിരുന്നെന്നും ഗവേഷകര്‍ പറയുന്നു.
പി. ടി. ബിനു
എന്തായാലും ജീവിതകാലത്തും മരണശേഷവും ജനങ്ങള്‍ ഭയപ്പെട്ട ജോണ്‍ ബാര്ബെര് എന്ന കൃഷിക്കാരന്റെ സൗമ്യവും സുന്ദരവുമായ മുഖം ഇനി ലോകത്തിനു കാണാം! മരണശേഷമെങ്കിലും തന്റെ മുഖത്തേക്കു സ്നേഹത്തോടെ നോക്കുന്നവരെ അദ്ദേഹത്തിന്റെ ആത്മാവ് അറിയുന്നുണ്ടാകും!