കാഞ്ഞിരപ്പള്ളി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സാന്നിധ്യംകൊണ്ടു പെരുമ നേടിയതിന്റെ തലക്കനമില്ലാതെ കാഞ്ഞിരപ്പള്ളിയുടെ “താലൂക്ക് ബംഗ്ലാവ്’ പുതിയ ദൗത്യത്തിനൊരുങ്ങുന്നു.
നെഹ്റുവിന്റെ ജന്മദിനാഘോഷത്തിനായി നാടൊരുങ്ങുന്പോൾ 63 വർഷം മുന്‍പത്തെ ഓർമകളിലേക്കു കൂട്ടിക്കൊണ്ടുപോവുകയാണ് ഈ പഴയ കെട്ടിടത്തിന്റെ ചരിത്രം.
അന്ന് കൊച്ചിയിൽനിന്നു കാർമാർഗം കുമളിയിലേക്കു പോവുകയായിരുന്നു പ്രധാനമന്ത്രി നെഹ്റു. കുമളിയിലേക്കുള്ള യാത്രാമധ്യേ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ വിശ്രമിക്കാൻ തീരുമാനിച്ചു.
നെഹ്റു വരുന്ന വിവരം മണിക്കൂറുകൾക്കു മുന്‍പ് മാത്രമാണ് ലഭിച്ചത്. അന്നത്തെ താലൂക്ക് ഓഫീസ് ഒരു വലിയ ബംഗ്ലാവ് ആയിരുന്നതിനാലാണ് വിശ്രമത്തിന് ഇവിടം തെരഞ്ഞെടുത്തത്.
ഏതാനും മണിക്കൂർ ഇവിടെ വിശ്രമിച്ച ശേഷമാണ് പ്രധാനമന്ത്രി യാത്ര തുടർന്നത്.
അന്പരപ്പിച്ച വരവ്
നെഹ്റു വരുന്ന വിവരമറിഞ്ഞു കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ആശുപത്രി ജംഗ്ഷനിലുള്ള താലൂക്ക് ഓഫീസ് പടിക്കല്‍ ആദ്യമായി പ്രധാനമന്ത്രിയെ നേരിട്ടു കാണാന്‍ സ്ഥലവാസികളായ നൂറുകണക്കിനാളുകള്‍ ഇരന്പിയെത്തി.
കൃത്യസമയത്തു തന്നെ പോലീസ് അകമ്പടിയോടെ പ്രധാനമന്ത്രി എത്തി. നെഹ്റു കെകെ റോഡ് അരികില്‍ത്തന്നെ കാറില്‍ വന്നിറങ്ങി അവിടെ കൂടിയിരുന്നവരെയെല്ലാം കൈവീശി അഭിവാദ്യം ചെയ്തു.
ജനക്കൂട്ടം ഭയഭക്തി ബഹുമാനങ്ങളോടെ അദ്ദേഹത്തെ നോക്കി. പ്രധാനമന്ത്രിയെ കണ്ട അന്പരപ്പിലായിരുന്നു എല്ലാവരും.
പെട്ടെന്നു പിന്നില്‍ നിന്ന് ഒരു കൊച്ചുപയ്യന് “ചാച്ചാ നെഹ്റു കീ.. ജയ്..’ എന്നു നല്ല ശബ്ദത്തില്‍ ജയ് വിളിച്ചു. ഇതു കേട്ടതോടെ നാട്ടുകാരും ഏറ്റുവിളിച്ചു.
ജയ് വിളിച്ച കുട്ടിയെ നെഹ്റു തിരിഞ്ഞുനോക്കി. തന്റെ കഴുത്തില്‍ കിടന്നിരുന്ന മാലയെടുത്തു കുട്ടിയുടെ കഴുത്തിലിട്ടു കവിളില്‍ തലോടി, പൊക്കിയെടുത്ത് അഭിനന്ദിച്ചു.
പിൽക്കാലത്ത് രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാനും എംഡിയുമായ റവ.ഡോ. ജയിംസ് ഏർത്തയിൽ സിഎംഐ ആയിരുന്നു ആ പയ്യൻ.
സംഭവങ്ങളുടെ ബംഗ്ലാവ്
1959ലെ വിമോചനസമരവും രണ്ടു മാസം നീണ്ടുനിന്ന പിക്കറ്റിംഗും അറസ്റ്റു വരിക്കലും ഇവിടെ അരങ്ങേറി. പിന്നീട് പത്തു വര്‍ഷം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസായിരുന്നു.
അതിനു ശേഷം അഞ്ചു ഡോക്ടര്‍മാര്‍ അനേകം വര്‍ഷങ്ങള്‍ പ്രാക്ടീസ് ചെയ്തിരുന്നതിനാല്‍ ദിവസേന നാനൂറില്‍പ്പരം രോഗികള്‍ ഇവിടെയെത്തി.
പന്ത്രണ്ട് വര്‍ഷങ്ങള്‍ ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടര്‍ക്കു താമസിക്കാനും രോഗികളെ പരിശോധിക്കാനും ഒരു മുറി സൗജന്യമായി നല്‍കിയിരുന്നു. ഒരു കുടുംബാംഗത്തെപ്പോലെ തന്നെ ഡോക്ടര്‍ വീട്ടില്‍ താമസിച്ചു.
ചരിത്രമുറങ്ങുന്ന ഈ വലിയ വീടിന്റെ ഉടമ സാംസ്കാരിക പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ബേബിച്ചന് ഏര്‍ത്തയിലാണ്. 75 വര്‍ഷം പഴക്കമുള്ള ഭവനം ഏതാനും മാസങ്ങള്‍ക്കു മുമ്പ് പൊളിച്ചു.
ജനങ്ങള്‍ക്ക് ഉപകാരമുള്ള പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ഇവിടെ ഉയര്‍ന്നുവരണം. കുന്നേല്‍ ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്ക് ഇനിയും ഉപകാരമുണ്ടാകണം.
ആശുപത്രി ജംഗ്ഷന് വികസനവും പുതിയ മുഖവുമുണ്ടാകണം. ബേബിച്ചന് ഏര്‍ത്തയിലിന്റെ സ്വപ്നങ്ങള്‍ക്ക് കുറവില്ല.